കറ്റാനം : യാക്കോബായ - ഓർത്തഡോക്സ് വിഭാഗങ്ങളുടെ ആരാധനാവകാശത്തർക്കം മൂലം പള്ളി സെമിത്തേരിയിലെ സംസ്‌കാരം മുടങ്ങിയ കട്ടച്ചിറ പളളിക്കൽ ജോർജ് മാത്യുവിന് (95) ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലിനെത്തുടർന്ന് 11 ദിവസത്തിനു ശേഷം അന്ത്യയാത്രാമൊഴി.
യാക്കോബായ വിഭാഗത്തിന്റെ ആവശ്യത്തിന് എതിരായി എതിർ വിഭാഗം പുലർച്ചെ എത്താതിരുന്നതോടെയാണ് ഈ വിഭാഗത്തിൽപ്പെട്ട ജോർജ് മാത്യുവിന്റെ സംസ്‌കാരം ഇന്നലെ രാവിലെ 6.40 ഓടെ നടന്നത്. കട്ടച്ചിറ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാരം.
കഴിഞ്ഞ മൂന്നിനാണ് ജോർജ് മാത്യു മരിച്ചത്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ 500 ഓളം പൊലീസുകാരെ പള്ളിയുടെ പരിസരത്ത് വിന്യസിച്ചിരുന്നു. രാവിലെ നൂറോളം വിശ്വാസികളുടെ അകമ്പടിയോടെയാണ് മൃതദേഹം പള്ളിയിൽ എത്തിച്ചത്. മൃതദേഹവുമായി വന്ന വാഹനം പളളിയുടെ 50 മീറ്ററകലെ പൊലീസ് തടഞ്ഞു. തുടർന്ന് വൈദികരായ ഫാ.ജോർജി ജോർജ്, ഫാ.രാജു ജോൺ, ഫാ.ജോർജ് ജോൺ, ഫാ.ജോർജ് പെരുംപട്ടേത്ത്, ഫാ.സാബു സാമുവൽ, ഫാ.തോമസ് കയ്യാത്ര എന്നിവരുടെ നേത്യത്വത്തിൽ പള്ളി കുരിശടിയിൽ പ്രാർത്ഥന നടന്നു. അൻപതോളം ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ വർഗ്ഗീസ് മാത്യുവിന്റെ ചെറുമകൻ ജോർജി ജോൺ പള്ളി സെമിത്തേരിയിൽ അന്ത്യകർമ്മങ്ങൾ നടത്തി മൃതദേഹം സംസ്കരിച്ചു.