ആലപ്പുഴ: വളയിട്ട കൈകളിൽ സിമന്റും കരണ്ടിയുമെടുത്ത് വീട്ടമ്മമാർ ജില്ലയിൽ നിർമ്മിച്ചത് 15 വീടുകൾ. പുരുഷ മേസ്തരിമാർക്ക് ശരിക്കും 'ഭീഷണിയായി" വനിതകൾ മാറുകയാണ്. 2016ൽ പരിശീലനം ലഭിച്ച അഞ്ച് യൂണിറ്റുകളാണ് ലൈഫ് ഭവന പദ്ധതിയുടെ വീട്നിർമ്മാണത്തിൽ പങ്കാളികളായത്.
45 ദിവസത്തെ പരിശീലനം നേടിയിട്ടാണ് വീട്ടമ്മമാർ ഭവന നിമ്മാണ രംഗത്തേക്ക് കടന്നത്. കുടുംബശ്രീ മിഷന്റെ അംഗീകൃത പരിശീലന ഏജൻസിയായ ആലപ്പുഴയിലെ ഏക്സാത്തും ഏറ്റുമാനൂരിലെ അർച്ചന വിമെൻ സെെന്ററും ചേർന്ന് 15 ബാച്ചുകളിലായി 413പേർക്കാണ് ഭവന നിർമ്മാണത്തിൽ പരിശീലനം നൽകിയത്. അഞ്ചു മുതൽ 10പേരെ വരെ ഉൾപ്പെടുത്തി 55 കുടുംബശ്രീ സൂക്ഷ്മ സംരംഭങ്ങളായി രജിസ്റ്റർ ചെയ്ത് ഇവർ പ്രവർത്തിക്കുന്നു. ഓരോ യൂണിറ്റും സ്വന്തമായി ഭവന നിർമ്മാണം നടത്തുന്നുണ്ട്. പരിശീലനാർത്ഥികൾക്ക് പ്രതിദിനം 200രൂപ സ്റ്റൈഫന്റും യാത്രാ ബത്തയും ഭക്ഷണവും കുടുംബശ്രീ നൽകും. ആദ്യ ഭവന നിർമ്മാണത്തിന് കുടുംബശ്രീ പൂർണസഹായം നൽകും. വൈദഗദ്ധ്യമുള്ള മേസ്തരിയുടെ മേൽനോട്ടത്തിലാണ് ഭവന നിർമ്മാണം. സൂപ്പർവൈസറുടെ സേവനവും എൻജിനിയറുടെെ മേൽനോട്ടവും ഉണ്ടാകും. പരിശീലനം പൂർത്തികരിച്ച യൂണിറ്റ് 10 ലക്ഷം രൂപയുടെ നിർമ്മാണം നടത്തിയാൽ, 10ലക്ഷം രൂപയുടെ നിർമ്മാണ പ്രവൃത്തികൾ ടെണ്ടർ ഇല്ലാതെ ഏറ്റെടുത്തു നടത്തുന്നതിനായി അക്രഡിറ്റേഷൻ നൽകുന്നതിന് പഞ്ചായത്ത് വകുപ്പ് കോ-ഓർഡിനേഷൻ കമ്മിറ്റി അംഗീകാരം നൽകി.ഇതുവഴി മൈക്രോ കോൺട്രാക്റ്റേഴ്സ് ആവുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം.
മോണറ്ററിംഗ് കമ്മിറ്റി
പരിശീലന കേന്ദ്രത്തോടനുബന്ധിച്ച് ഓരോയൂണിറ്റിനും മോണറ്ററിംഗ് കമ്മിറ്റി ഉണ്ട്. പഞ്ചായത്ത് പ്രസിഡന്റ്(ചെയർമാൻ), വൈസ് പ്രസിഡന്റ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, എം.ഇ കൺവീനർ, വാർഡ് അംഗം, സി.ഡി.എസ് അംഗം, ഗുണഭോക്താവ്, പരിശീലനാർത്ഥികളുടെ പ്രതിനിധികൾ തുടങ്ങിയവരാണ് മോണറ്ററിംഗ് കമ്മിറ്റിയിലെ അംഗങ്ങൾ. പ്രസിഡന്റും ഉദ്യോഗസ്ഥരും ഒഴികെ കമ്മിറ്റിയിലുള്ള ആർക്കും കൺവീനറാകാം.
നിർമ്മാൺശ്രീ
സൂക്ഷ്മ സംരംഭകരുടെ ഭാരവാഹികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ ഉൾപ്പെടുത്തി സംസ്ഥാനത്ത് ആദ്യമായി കുടുംബശ്രീയുടെ ജില്ലാ തല ലേബർ സൊസൈറ്റി രൂപീകരിച്ചു നിർമ്മാൺശ്രീ എന്ന പേരുനൽകി. രമ ഗോപാലകൃഷ്ണൻ തണ്ണീർമുക്കം(ചെയർപേഴ്സൺ), തങ്കമണി കണ്ടല്ലൂർ(വൈസ് ചെയർപേഴ്സൺ), മജ്ഞു പള്ളിപ്പാട്(സെക്രട്ടറി), ആബിദ പട്ടണക്കാട്(ജോയിന്റ് സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ.
സംസ്ഥാനത്തിന് മാതൃക
കുടുംബശ്രീയുടെ പ്രവർത്തനത്തിലും ഭവന നിർമ്മാണത്തിലും ലേബർ സൊസൈറ്റി രൂപീകരണത്തിലും ജില്ല
സംസ്ഥാനത്തിന് മാതൃകയാണ്. 1996ൽ സർക്കാർ സംസ്ഥാനത്ത് ആദ്യമായി ആലപ്പുഴ നഗരസഭയിലാണ് അയൽക്കൂട്ടത്തിന് ഔദ്യോഗികമായി രൂപം കൊടുത്തത് . പിന്നീട് കുടുംബശ്രീയെന്ന് പേരുമാറ്റി. കുടുംബശ്രീയുടെ ഭവന നിർമ്മാണ പൂർത്തീകരണത്തിലും ലേബർ സൊസൈറ്റി രൂപീകരണത്തിലും ജില്ലയാണ് സംസ്ഥാനത്ത് ഒന്നാമത്.