ആലപ്പുഴ: മുല്ലയ്ക്കൽ തെരുവിലെ സ്വർണ്ണ ശുദ്ധീകരണ തൊഴിലാളിയായിരുന്ന മഹാരാഷ്ട്ര സ്വദേശി ദുർഗേഷിനെ (27) കൊലപ്പെടുത്തി സ്വർണ്ണവും പണവും കവർന്ന കേസിൽ ഉറ്റസുഹൃത്ത് ഉൾപ്പെടെ മൂന്നു പേർക്ക് ജീവപര്യന്തം തടവ്. മഹാരാഷ്ട്ര സ്വദേശികളായ അവിനാഷ് ബിക്കുഷെഡെ (37), സജിദ് ബുലേഖാൻ മുജാബർ (27), ജ്യോതിറാം സുബ്ബയ്യറാവു യാദവ് (പ്രമോദ്-34) എന്നിവരെയാണ് ആലപ്പുഴ അഡീഷണൽ ഡിസ്ട്രിക്ട് സെക്ഷൻസ് കോടതി ജഡ്ജി എസ്.എച്ച്. പഞ്ചാപകേശൻ ശിക്ഷിച്ചത്. ദുർഗേഷിന്റെ ഭാര്യയ്ക്ക് പ്രതികൾ അഞ്ചുലക്ഷം രൂപ നൽകണമെന്നും കോടതി ഉത്തരവിട്ടു.

2013 നവംബർ അഞ്ചിന് രാത്രി 9.45നും 10നും ഇടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുല്ലയ്ക്കൽ ഡോണ കോംപ്ളക്സിൽ സ്വർണ്ണ ശുദ്ധീകരണം നടത്തിയിരുന്ന ദുർഗേഷിന്റെ സുഹൃത്തായിരുന്നു ചാത്തനാട്ട് വാടകയ്ക്ക് താമസിച്ചിരുന്ന ജ്യോതിറാം സുബ്ബയ്യറാവു യാദവ്. ദുർഗേഷിന്റെ കടയുടെ അടുത്ത മുറിയിൽ സ്വർണ്ണ വ്യാപാരം നടത്തുകയായിരുന്നു ഇയാൾ. ഒന്നാം പ്രതി അവിനാഷ് ബിക്കുഷെഡെയും രണ്ടാം പ്രതി സജിദ് ബുലേഖാൻ മുജാബറും ചാത്തനാട്ടെ വീട്ടിലെത്തി കവർച്ച ലക്ഷ്യമിട്ട് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നെന്ന് കോടതി കണ്ടെത്തി. തുടർന്ന് മൂവരും ജ്യോതിറാം സുബ്ബയ്യറാവു യാദവിന്റെ സ്വർണ്ണക്കടയിൽ എത്തി. ഒന്നും രണ്ടും പ്രതികൾക്ക് ദുർഗേഷിനെ ജ്യോതിറാം കാണിച്ചു കൊടുത്തു. തുടർന്ന് കട അടച്ചു ഇയാൾ വാടക വീട്ടിലേക്കു മടങ്ങി. അവിനാഷ് ബിക്കുഷെഡെയും സജിദ്ബുലേഖാൻ മുജാബറും ചേർന്ന് കയർ ഉപയോഗിച്ച് ദുർഗേഷിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം കടയിലുണ്ടായിരുന്ന 17 ലക്ഷം വിലവരുന്ന 747.8 ഗ്രാം സ്വർണ്ണവും 5.60 ലക്ഷം രൂപയും കൈവശത്താക്കി.
ദുർഗേഷ് നേരത്തേ പറഞ്ഞതനുസരിച്ച് കുതിരപ്പന്തി വാർഡ് ഫാത്തിമാ മൻസിലിൽ ഫസൽ കടയിൽ എത്തിയപ്പോൾ ഷട്ടർ പാതി താഴ്ത്തിയ നിലയിലായിരുന്നു. സംശയം തോന്നിയ ഫസൽ മറ്റുള്ളവരെ വിവരം അറിയിച്ച് കട തുറന്നപ്പോൾ ദുർഗേഷ് അബോധാവസ്ഥയിലായിരുന്നു. തുടർന്ന് പൊലീസും എത്തി. ഫസലിന്റെയും ചാത്തനാട്ടെ വാടകവീട് ഉടമയുടെയും മൊഴിയാണ് കേസിൽ നിർണ്ണായകമായത്. ജ്യോതിറാമിനെ ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു. 25 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. കൊല്ലപ്പെട്ട ദുർഗേഷ് മുല്ലയ്ക്കൽ അമ്മൻകോവിൽ തെരുവിൽ കെ.എസ് വിഹാറിൽ വാടയ്ക്കു താമസിക്കുകയായിരുന്നു. പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. സി.വിധു, അഡ്വ. എ.ഷാജഹാൻ എന്നിവർ പ്രോസിക്യൂഷനു വേണ്ടി ഹാജരായി.