a
വെട്ടിയാർ നാലുമുക്ക് ജംഗ്ഷനിലെ ബസ് സ്​റ്റോപ്പുകൾ മാ​റ്റി സ്ഥാപിക്കുന്നതിനായി റോഡരുകിലുള്ള കയ്യേറ്റങ്ങൾ നീക്കുന്നു

മാവേലിക്കര: അപകട നിയന്ത്രണ പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായി കൊല്ലം- തേനി ദേശീയപാതയിൽ വെട്ടിയാർ നാലുമുക്ക് ജംഗ്ഷനിലെ ബസ് സ്​റ്റോപ്പുകൾ മാ​റ്റി സ്ഥാപിച്ചു. അനധികൃതമായി റോഡരികിൽ സ്ഥാപിച്ചിരുന്ന കൊടിമരങ്ങളും ബോർഡുകളും കാർഗിൽ രക്തസാക്ഷി മണ്ഡപവും നീക്കം ചെയ്തു.

കൊടിമരങ്ങൾ ഉൾപ്പടെ നീക്കം ചെയ്യണമെന്ന് ഒരാഴ്ച മുൻപ് ദേശീയപാത എക്‌സിക്യുട്ടീവ് എൻജിനിയർ നോട്ടീസ് നൽകിയിരുന്നു. തുടർന്ന് കൊടിമരങ്ങൾ മാ​റ്റിയെങ്കിലും സ്തൂപം മാറ്റിയില്ല. ഇന്നലെ ദേശീയപാത അതോറി​റ്റി ഉദ്യോഗസ്ഥർ ഉൾപ്പെടെയെത്തി ജെ.സി.ബി ഉപയോഗിച്ചാണ് എല്ലാം നീക്കം ചെയ്തത്. തിരക്കേറിയ ജംഗ്ഷനിൽ നിന്നു ബസ് സ്​റ്റോപ്പുകൾ മാ​റ്റി സ്ഥാപിക്കുകയും ചെയ്തു. ചാരുംമൂട് ഭാഗത്തേക്കുള്ള ബസുകൾക്ക് ജംഗ്ഷന് തെക്ക് ഭാഗത്തും ചെങ്ങന്നൂർ ഭാഗത്തേക്കുള്ളവയ്ക്ക് വടക്ക് ഭാഗത്തുമാണ് പുതിയ സ്റ്റോപ്പ് സ്ഥാപിച്ചത്. മാ​റ്റി സ്ഥാപിച്ച സ്​റ്റോപ്പുകളിൽ ബസുകൾ നിറുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പൊലീസ് ഉദ്യോഗസ്ഥനെ നിയമിക്കുമെന്ന് കുറത്തികാട് എസ്.ഐ വിപിൻ അറിയിച്ചു. ജംഗ്ഷനിലെ വീതിയുള്ള ഭാഗത്ത് ടാറിംഗ് നടത്തി റോഡിലെ വളവ് ഭാഗത്ത് അപകടമേഖല മുന്നറിയിപ്പ് നൽകി റിഫ്‌ളക്ടറുകളും ഉടൻ സ്ഥാപിക്കും.

പൊതുപ്രവർത്തകനായ അഡ്വ.മുജീബ് റഹ്മാൻ മാവേലിക്കര താലൂക്ക് ലീഗൽ സർവീസ് അതോറി​റ്റി മുമ്പാകെ നൽകിയ പൊതുതാത്പര്യ ഹർജിയും ദേശീയപാത അതോറി​റ്റി മുമ്പാകെ സാമൂഹ്യ പ്രവർത്തകനായ നൗഷാദ് മാങ്കാംകുഴി നൽകിയ പരാതിയും പരിഗണിച്ചാണ് നടപടി. പൊതുതാത്പര്യ ഹർജി പരിഗണിച്ച മാവേലിക്കര മുൻസിഫ് ഷെറിൻ ആഗ്‌നസ് ഫെർണാണ്ടസ് ബസ് സ്​റ്റോപ്പുകൾ പുന:ക്രമീകരിച്ച് ഗതാഗത തടസം നീക്കാൻ നടപടിയെടുക്കണമെന്നും ഉദ്യോഗസ്ഥർ സ്ഥലം നേരിട്ട് സന്ദർശിച്ച് ക്രമീകരണം നടത്തണമെന്നും ഉത്തരവിട്ടിരുന്നു. കൊല്ലം തേനി ദേശീയപാത വിഭാഗം അസിസ്​റ്റൻറ് എൻജിനിയർ രമ്യ ലക്ഷ്മി, മാവേലിക്കര ജോ.ആർ.ടി.ഒ എച്ച്. അൻസാരി, എം.വി.ഐ ബിജു, എ.എം.വി.ഐമാരായ ശ്യാം, ജിനേഷ്, എസ്.ഐ വിപിൻ, എ.എസ്.ഐ പ്രസന്നകുമാർ, സി.പി.ഒമാരായ ശിവൻ പിള്ള, സിജു, ഇസ്‌ലാഹ്, വില്ലേജ് ഓഫീസർ ജി.ബിനു, വില്ലേജ് അസിസ്​റ്റൻറ് പത്മലാൽ, പഞ്ചായത്ത് അംഗങ്ങളായ എസ്.അഷ്‌റഫ്, സുനിൽ രാമനല്ലൂർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബസ് സ്​റ്റോപ്പുകൾ മാ​റ്റി സ്ഥാപിച്ചത്.