ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്തും കിൻഡർ വിമൻസ് ഹോസ്പിറ്റലും ഐ.സി.ഡി.എസ് കഞ്ഞിക്കുഴിയും സംയുക്തമായി ശിശുദിനാഘോഷം സംഘടിപ്പിച്ചു. തണ്ണീർമുക്കം ബണ്ടിന് സമീപം നടന്ന റാലിയിൽ നൂറുകണക്കിന് കുട്ടികൾ പങ്കെടുത്തു.
ആഘോഷത്തിന്റ ഭാഗമായി സംഘടിപ്പിച്ച അംഗൻവാടി ഫെസ്റ്റ്- 2018 സിനിമാതാരം എഴുപുന്ന ബൈജു ഇടയ്ക്ക കൊട്ടി ഉദ്ഘാടനം ചെയ്തു. 44 അംഗൻവാടികളിൽ നിന്നുള്ള 500ൽ അധികം കുട്ടികൾ അവതരിപ്പിച്ച കലാ- സാംസ്കാരിക പരിപാടികളും നടന്നു. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും പ്രമേഹ ദിനത്തിൽ നടന്ന ചടങ്ങിൽ സൗജന്യ പ്രമേഹ പരിശോധനയ്ക്കുളള പാക്കേജ് കിൻഡർ ആശുപത്രി എം.ഡി. പ്രവീൺ കുമാർ പ്രഖ്യാപിച്ചു. കുട്ടികൾക്കുളള ശിശുദിന സമ്മാനം കിൻഡർ ആശുപത്രിയിലെ ശിശുരോഗ വിദഗ്ദ്ധൻ ഡോ.രാജ് വിതരണം ചെയ്തു. എഴുപുന്ന ബൈജുവിന്റെ നേത്യത്വത്തിലുളള കലാകാരൻമാരും കുട്ടികളും രക്ഷിതാക്കളും ഗ്രാമപഞ്ചായത്തംഗങ്ങളും അംഗൻവാടി ടീച്ചർമാരും ചേർന്നൊരുക്കിയ 'കുരുന്നുകളോടൊപ്പം കളിക്കൂട്ടം' പരിപാടിയും അരങ്ങേറി. ചടങ്ങിൽ തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്. ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു. ഐ.സിഡി.എസ് സൂപ്പർവൈസർ നീതു അനീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേഷ്മ രംഗനാഥ്, സുധർമ്മ സന്തോഷ്, ബിനിത മനോജ്, രമാമദനൻ, കെ.ജെ സെബാസ്റ്റ്യൻ, സനൽനാഥ്, സാനു സുധീന്ദ്രൻ, ശ്രീജഷിബു എന്നിവർ സംസാരിച്ചു.