ആലപ്പുഴ: ഭക്തിയും വ്രതശുദ്ധിയും പരസ്പര പൂരകങ്ങളാവുന്ന വൃശ്ചികമാസത്തിന് നാളെ തുടക്കം കുറിക്കവേ, ജില്ലയിലെ ശബരിമല ഇ‌‌ടത്താവളങ്ങൾ അയ്യപ്പൻമാരെ വരവേൽക്കാനൊരുങ്ങുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സഹായം വേണ്ടത്ര കിട്ടാത്തതിനാൽ അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണനിലയിൽ ആയില്ലെങ്കിലും ഉപദേശക സമിതികളും ഭക്തരും ചേർന്ന് അതത് ക്ഷേത്രങ്ങളിൽ ഭക്തരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ശബരിമല സ്ത്രീ പ്രവേശന തർക്കം നിലനിൽക്കുന്നതിനാൽ ഇടത്താവളങ്ങളിൽ കൂടുതൽ അയ്യപ്പൻമാർ തങ്ങാൻ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്.

തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം, ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം, ചെട്ടികുളങ്ങര ദേവീക്ഷേത്രം, തുറവൂർ മഹാദേവ ക്ഷേത്രം, ആലപ്പുഴ മുല്ലയ്ക്കൽ ക്ഷേത്രം എന്നിവിടങ്ങളാണ് പ്രധാന ഇടത്താവളങ്ങൾ. അയ്യപ്പ ഭക്തർക്ക് വിരി വയ്ക്കാനും ഭക്ഷണത്തിനുമുള്ള ക്രമീകരണങ്ങൾ അയ്യപ്പഭക്ത സംഘവും ക്ഷേത്രോപദേശക സമിതികളും ഒരുക്കിയിട്ടുമുണ്ട്. ദേവസ്വം ബോർഡിന്റെ സമീപനത്തിൽ പ്രതിഷേധത്തിലാണ് ഉപദേശക സമിതികളും ഭക്തരും.

 അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം

അയ്യപ്പന്റെ മാതൃസ്ഥാനീയർ എന്നാണ് അമ്പലപ്പുഴക്കാർ അറിയപ്പെടുന്നത്. മണ്ഡലകാലത്ത് അമ്പലപ്പുഴ പേട്ടതുള്ളൽ സംഘത്തിന്റെ നേതൃത്വത്തിൽ സമീപ ക്ഷേത്രങ്ങളിൽ ആഴിപൂജ നടത്തും. ഇത്തവണ 24ന് ആണ് ആഴിപൂജ ആരംഭിക്കുന്നത്. അയ്യഭക്ത സംഘത്തിന്റെ നേതൃത്വത്തിൽ 51 ദിവസം അന്നദാനമുണ്ട്. തീർത്ഥാടകർക്ക് വിവരങ്ങൾ നൽകാൻ ഇൻഫർമേഷൻ സെന്ററും പ്രവർത്തിക്കും. എന്നാൽ തകഴി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ ആരംഭിച്ചിട്ടില്ല.

 മുല്ലയ്ക്കൽ ക്ഷേത്രം

തീർത്ഥാടകരെ സ്വീകരിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കി. ഇൻഫർമേഷൻ സെന്ററും പതിവുപോലെ പ്രവർത്തിക്കും.

 ചെട്ടികുളങ്ങര ക്ഷേത്രം

ഓണാട്ടുകരയിലെ പ്രധാന ഇടത്താവളമാണ് ചെട്ടികുളങ്ങര ദേവീക്ഷേത്രം. തീർത്ഥാടകരെ സ്വീകരിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നത് ക്ഷേത്രവുമായി ബന്ധപ്പെട്ട കരക്കാരുടെ കൂട്ടായ്മയാണ്. ദേവസ്വം ബോർഡിന്റെ കാര്യമായ സഹായം ലഭിക്കുന്നില്ല. വിരിവയ്ക്കുന്ന അയ്യൻമാർക്കും മാളികപ്പുറങ്ങൾക്കും ഭക്ഷണവും രാത്രിയിൽ അത്താഴക്കഞ്ഞിയും നൽകാൻ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കി. ആരോഗ്യ വകുപ്പിന്റെ ഹെൽപ് ഡെസ്ക്ക് തീർത്ഥാടന കാലത്ത് പ്രവർത്തിക്കും.

 ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം

തീർത്ഥാടകർക്കു വിപുലമായ സൗകര്യമാണ് ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്. 16 നിരീക്ഷണ കാമറകൾ ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു. ക്ഷേത്രം ആഡിറ്റോറിയത്തിലും കിഴക്കേ ഗോപുരത്തിന്റെ മുകൾ നിലയിലും പടിഞ്ഞാറെ നടപ്പന്തലിലും തീർത്ഥാടകർക്ക് വിരിവയ്ക്കാനുള്ള വിപുലമായ സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. മൂന്നുനേരം ഭക്ഷണവും നൽകും. ക്ഷേത്ര പരിസരം, ക്ഷേത്രക്കുളം, ഗംഗാദേവി ക്ഷേത്ര പരിസരം എന്നിവടങ്ങൾ ദേവസ്വം ബോർഡ് ശുചിയാക്കി.

 ഓച്ചിറ പരബ്രഹ്മ ക്ഷേത്രം

ആലപ്പുഴ, കൊല്ലം ജില്ലകളിൽ നിന്നുള്ള തീർത്ഥാ‌ടകരിൽ ഭൂരിഭാഗവും ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭൂമിയിൽ എത്തിയ ശേഷമാണ് ശബരിമലയ്ക്ക് പോകുന്നത്. ആൽത്തറയ്ക്ക് സമീപം കുടിൽ കെട്ടി നാളെ മുതൽ 12 വരെ ഓച്ചിറയിൽ ഭക്തർ ഭജനമിരിക്കും.