ആലപ്പുഴ: സുരക്ഷിതത്ത്വത്തിലെ ആശങ്ക നിമിത്തം വനിതകൾ അവഗണിക്കുന്ന 'ലേഡീസ് കോച്ചു'കൾ പൂർണമായി ഒഴിവാക്കാൻ റെയിൽവേ ആലോചിക്കുന്നു. പകരം ജനറൽ കോച്ചുകളിൽ ബസുകളിലേതു പോലെ സ്ത്രീകൾക്ക് സീറ്റുകൾ സംവരണം ചെയ്യും.
തിരുനന്തപുരം- ചെന്നൈ മെയിലിലും കൊച്ചുവേളി- ബംഗളുരു ട്രെയിനുകളിലുമാണ് പരീക്ഷണാർത്ഥം ലേഡീസ് കോച്ചുകൾ ഒഴിവാക്കുന്നത്. ക്രമേണ മുഴുവൻ ട്രെയിനുകളിലെയും ലേഡീസ് കോച്ചുകൾ എടുത്തുകളയും. വനിതകളിൽ ഭൂരിഭാഗവും ജനറൽ കോച്ചുകളെ ആശ്രയിക്കുന്നതിനാലാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാൻ റെയിൽവേയെ പ്രേരിപ്പിച്ചത്. ലേഡീസ് കോച്ചുകൾ ആളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയാണ്. ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്നതാണ് സുരക്ഷിതം എന്ന ബോധമാണ് സ്ത്രീകളെ ലേഡീസ് കോച്ചുകളിൽ നിന്ന് അകറ്റുന്നതെന്ന് റെയിൽവേ വിലയിരുത്തുന്നു. വനിതാ ടി.ടി.ഇമാരും ഗാർഡുമാരും ഇപ്പോൾ റെയിൽവേയിൽ ധാരാളമുണ്ട്. കോച്ചുകളുടെ അപര്യാപ്തതയും പുതിയ തീരുമാനത്തിന് പിന്നിലുണ്ടെന്ന് റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കുന്നു.