അമ്പലപ്പുഴ: തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിൽ ആലപ്പുഴ കുടിവെള്ള പദ്ധതിക്കായി സ്ഥാപിച്ച കൂറ്റൻ പൈപ്പുകൾ നിരന്തരം പൊട്ടുന്നത് ഗതാഗതക്കുരുക്കിനും റോഡിന്റെ ബലക്ഷയത്തിനും കാരണമാവുന്നു. പൈപ്പുകൾ പൊട്ടുന്നതോടെ, കോടികൾ മുടക്കി നിർമ്മിച്ച സംസ്ഥാന പാത വെട്ടിപ്പൊളിക്കേണ്ടി വരുന്നത് വൻ സാമ്പത്തിക നഷ്ടത്തിനും കാരണമാവുന്നു.
തകഴി, കരുമാടി, കേളമംഗലം ഭാഗങ്ങളിലെ പൈപ്പിന്റെ അറ്റകുറ്റപ്പണികൾക്കായി ആഴ്ചകളോളമാണ് റോഡിൽ കൂറ്റൻ കുഴികൾ വാ പിളർത്തി നിന്നത്. ഇപ്പോൾ തകഴിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്. ഇത് സംസ്ഥാന പാതയിൽ ഗതാഗതക്കുരുക്കിന് കാരണമായിട്ടുണ്ട്. ഗുണനിലവാരം കുറഞ്ഞ പൈപ്പുകൾ അശാസ്ത്രീയമായാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് നാട്ടുകാർ ആക്ഷേപിക്കുന്നു. പൈപ്പുപൊട്ടൽ തുടർക്കഥ ആയതോടെ പ്രദേശത്ത് കുടിവെള്ള വിതരണം തടസപ്പെടുന്നതും പതിവായി മാറി.
തകഴി റെയിൽവെ ക്രോസിനു സമീപം പൈപ്പുപൊട്ടിയത് വാഹനയാത്രക്കാരെ വല്ലാതെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ദീർഘ നേരം റെയിൽവെ ക്രോസിൽ നിറുത്തിയ ശേഷം വാഹനം എടുക്കുമ്പോൾ ഒറ്റവരിയായി പോകേണ്ടി വരുന്നത് ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാക്കുന്നു. തുടർച്ചയായുള്ള പൈപ്പുപൊട്ടൽ വാട്ടർ അതോറിറ്റിക്ക് സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നു. ശബരിമല യാത്ര ആരംഭിക്കുന്നതോടെ തിരക്ക് കൂടുതൽ അനുഭവപ്പെടുന്ന പാതകൂടിയാണിത്. റോഡിന്റെ മദ്ധ്യഭാഗം വരെ പൊളിച്ചിട്ടിരിക്കുന്നതിനാൽ സഹിക്കുകയല്ലാതെ നിവൃത്തിയില്ലെന്ന അവസ്ഥയിലാണ് നാട്ടുകാർ.