ആലപ്പുഴ: ജില്ലയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് പമ്പയിലേക്ക് സ്പെഷ്യൽ സർവീസുകൾ നാളെ രാത്രി മുതൽ ആരംഭിക്കും. ചെങ്ങന്നൂരിൽ നിന്ന് ഇന്ന് അർദ്ധരാത്രി മുതൽ സർവീസ് തുടങ്ങും. തീർത്ഥാടന കാലത്ത് നിലവിലുള്ള ടിക്കറ്റ് നിരക്കിന്റെ 30 ശതമാനം വർദ്ധന ഉണ്ടാവും. ഇതിന് പുറമേ ഇൻഷ്വറൻസ് തുകയും തീർത്ഥാടകരിൽ നിന്ന് ടിക്കറ്റ് നിരക്കിനൊപ്പം വാങ്ങും. ചേർത്തല, ആലപ്പുഴ, എടത്വ, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ ഡിപ്പോകളിൽ നിന്നാണ് സ്പെഷ്യൽ സർവീസ്. ഇതിന് പുറമേ അമ്പലപ്പുഴ സബ് ഡിപ്പോയിൽ നിന്ന് മുൻ വർഷങ്ങളെ പോലെ സ്പെഷ്യൽ സർവീസ് നടത്തും. ചെങ്ങന്നൂരിൽ ഡിപ്പോയിൽ നിന്നാണ് സ്പെഷ്യൽ സർവീസുകൾ അധികവും. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 24 മണിക്കൂർ സർവീസ് ഇന്ന് അർദ്ധ രാത്രി മുതൽ ആരംഭിക്കും. വിവിധ ഡിപ്പോകളിൽ നിന്ന് ഇന്നലെ വരെ 13 ബസുകൾ സ്പെഷ്യൽ സർവീസിന് ചെങ്ങന്നൂർ ഡിപ്പോയിൽ എത്തി. തകരാറുള്ള മൂന്ന് ബസുകൾ മടക്കി അയച്ചു. എടത്വ, ഹരിപ്പാട് ഡിപ്പോകളിൽ നിന്ന് സ്പെഷ്യൽ സർവീസ് എപ്പോൾ തുടങ്ങണമെന്ന് തീരുമാനിച്ചിട്ടില്ല. എടത്വയിൽ നിന്ന് ഒന്നും ആലപ്പുഴയിൽ നിന്ന് മൂന്നും ബസുകൾ സ്പെഷ്യൽ സർവീസിനായി പമ്പ ഡിപ്പോയിലേക്ക് വിട്ടുകൊടുത്തു. മറ്റ് ഡിപ്പോകളിൽ നിന്ന് ബസുകൾ വിട്ട് കൊടുക്കാൻ നിർദേശിച്ചിട്ടുണ്ട്. തീർത്ഥാടകരുടെ തിരക്ക് അനുസരിച്ച് സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് തീരുമാനം. മറ്റു ജില്ലകളിൽനിന്നും വിവിധ ഡിപ്പോകളിൽ നിന്നും ഡ്രൈവർമാരെയും കണ്ടക്ടർമാരെയും പമ്പയിലും ചെങ്ങന്നൂരിലും ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിട്ടുണ്ട്. സിംഗിൽ ഡ്യൂട്ടി പരിഷ്കരണം മുതൽ ജില്ല യാത്രാ ക്ളേശത്തിലായിരുന്നു. ഇപ്പോൾ പമ്പയിലേയ്ക്ക് സ്പെഷ്യൽ സർവീസിനായി ഡിപ്പോകളിൽ നിന്ന് ബസുകൾ വിട്ട് കൊടുക്കുന്നതോടെ യാത്രാക്ളേശം കൂടുതൽ രൂക്ഷമാകും.
സ്പെഷ്യൽ സർവീസ്
(ഡിപ്പോ, സമയം, ടിക്കറ്റ് നിരക്ക്) .
ആലപ്പുഴ-രാത്രി-194
ചേർത്തല-രാവിലെ 7.10-160
എടത്വ-രാത്രി 9.30 -തീമാനിച്ചില്ല
ഹരിപ്പാട്-രാത്രി 9ന്- തീരുമാനിച്ചില്ല
കായംകുളം-രാത്രി 7.30-153
മാവേലിക്കര-രാത്രി 7.30-156.
ചെങ്ങന്നൂ-24മണിക്കൂർ-132.