ആലപ്പുഴ: പ്രളയത്തിൽ തകർന്ന ആലപ്പുഴ-ചങ്ങനാശേരി റോഡിലെ താഴ്ന്ന ഭാഗങ്ങൾ ഉയർത്തി നിർമ്മിക്കുന്നതിന്റെ ഭാഗമായി ടാറിംഗ് ജോലികൾ ആരംഭിച്ചു.അഞ്ച് ഭാഗങ്ങളിൽ റോഡ് മണ്ണിട്ട് ഉയർത്തുന്ന ജോലികൾ കഴിഞ്ഞ ദിവസം പൂർത്തിയായതാണ് . ഒരാഴ്ച മുൻപാണ് പണികൾ ആരംഭിച്ചത്. ചെറിയ മഴയിൽ പോലും വെള്ളക്കെട്ടാകുന്ന ഏഴ് ഭാഗങ്ങളാണ് ഉയർത്തുന്നത്.
പള്ളാത്തുരുത്തിയിൽ 100 മീറ്റർ, കൈനകരിയിൽ 370 മീറ്റർ, പൊങ്ങ രണ്ട് ഭാഗങ്ങളിലായി 150-220 മീറ്റർ, നെടുമുടി നസ്രത്ത് 480 മീറ്റർ എന്നിങ്ങനെയാണ് ഉയർത്തിയത്. ഇനി താഴ്ന്ന ഭാഗങ്ങളായ മങ്കൊമ്പിൽ രണ്ടുഭാഗങ്ങളിലായി 120-420 മീറ്റർ ഉയർത്താനുണ്ട്. പാറപ്പൊടിയും മെറ്റലും ഉപയോഗിച്ച് ഉയർത്തിയ ഭാഗങ്ങളിൽ ആദ്യഘട്ടം അഞ്ച് സെന്റീമീറ്റർ ടാറിംഗ് ജോലികളാണ് ആരംഭിച്ചിരിക്കുന്നത്.
പെരുമ്പാവൂർ ആസ്ഥാനമായ ഇ.കെ.കെ. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് നിർമ്മാണം.
ആലപ്പുഴ കളർകോട് മുതൽ ചങ്ങനാശേരി പെരുന്ന വരെയുള്ള 24.14 കിലോമീറ്റർ ദൂരം 9.89 കോടി രൂപയ്ക്കാണ് നവീകരിക്കുന്നത്. ഇവിടുത്തെ ടാറിംഗ് ഇളക്കി മാറ്റി മെറ്റലും മറ്റുമിട്ട് ഉയർത്തി പാത ഏഴര മീറ്റർ വീതിയിൽ ബി.എം.ആൻഡ് ബി.സി. മിശ്രിതം ഉപയോഗിച്ചാണ് ടാറിംഗ് നടത്തുന്നത്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡായതിനാൽ
ഒരു വശത്തെ ഗതാഗതം നിയന്ത്രിച്ചു ഗതാഗത കുരുക്ക് ഒഴിവാക്കിയുമാണ് നിർമ്മാണം പുരോഗമിക്കുന്നത്. പൊലീസ് സഹായം കൂടാതെ വാഹനങ്ങൾ കടത്തിവിടാനും കരാറുകാർ ആളുകളെ നിയോഗിച്ചിട്ടുണ്ട്.
ശബരിമല തീർത്ഥാടനം ആരംഭിച്ചതോടെ റോഡിൽ ഇന്നുമുതൽ വാഹനങ്ങളുടെ തിരക്ക് വര്‍ദ്ധിക്കുന്നതിനാൽ നിർമ്മാണത്തെ ബാധിക്കാതിരിക്കാനും അധികൃതർ ശ്രമിക്കുന്നുണ്ട് .