അമ്പലപ്പുഴ: അമ്പലപ്പുഴ അയ്യപ്പഭക്ത സംഘത്തിന്റെ ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി നടക്കുന്ന പ്രധാന ചടങ്ങായ ആഴിപൂജയ്ക്ക് നാളെ മുഹമ്മ ചീരപ്പൻചിറ കളരിയിൽ തുടക്കമാവും. വിവിധ സ്ഥലങ്ങളിലായി 18 ആഴിപൂജകളാണ് സംഘം ഇത്തവണ നടത്തുന്നത്.സമൂഹ പെരിയോൻ കളത്തിൽ ചന്ദ്ര ശേഖരൻ നായരാണ് മുഖ്യകാർമ്മികൻ. അഗ്നിയിൽ അയ്യപ്പ ചൈതന്യം ആവാഹിച്ച് പൂജ ചെയ്യുന്ന ചടങ്ങാണ് ആഴിപൂജ.രാവിലെ 7 ന് പടുക്ക വയ്ക്കുന്നതോടെ ആരംഭിക്കുന്ന ചടങ്ങുകൾ രാത്രി 12 ന് പ്രസാദ വിതരണത്തോടെ സമാപിക്കും.നാളീകേരത്തിൽ കളഭം കൊണ്ട് അയ്യപ്പന്റെ മുഖച്ചാർത്തുണ്ടാക്കി പീഠത്തിൽ പ്രതിഷ്ഠിക്കുന്ന ചടങ്ങാണ് പടുക്കവയ്ക്കൽ. അമ്പലപ്പുഴ ക്ഷേത്രത്തിലെ അത്താഴപൂജകൾക്കു ശേഷം മേൽശാന്തി പകർന്നു നൽകുന്ന അഗ്നി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഴി സ്ഥലത്തേക്ക് എഴുന്നള്ളിക്കും. ദീപാരാധനക്കു ശേഷം നാളീകേര മുറിയിൽ തയ്യാറാക്കിയ എള്ളു കിഴിയിലേക്ക് ദീപം പകരും. ചാണകം മെഴുകി ശുദ്ധമായി തയ്യാറാക്കിയിരിക്കുന്ന സ്ഥലത്ത് എള്ളു കിഴി ദീപം സ്ഥാപിച്ച് ആഴി ജ്വലിപ്പിക്കും.കൊതുമ്പ് പ്രത്യേക അളവിൽ മുറിച്ച് തയ്യാറാക്കിയ പ്ലാവിന്റെയും, തെങ്ങിന്റെയും വിറക് ഉപയോഗിച്ച് ആണ് ആഴി ജ്വലിപ്പിക്കുന്നത്.തുടർന്ന് സമൂഹപ്പെരിയോൻ നൽകുന്ന തെള്ളിപ്പൊടി വാങ്ങി സ്വാമി ഭക്തർ ആഴി സ്തുതിപ്പ് ചൊല്ലി വലം വയ്ക്കും. ആഴി സ്തുതിപ്പ് തീരുമ്പോൾ തെള്ളിപ്പാടി ആഴിയിൽ അർപ്പിച്ച ശേഷം ആഴിപൂജിക്കും. തുടർന്ന് കീർത്തനാലാപനം. വിരിച്ചിരുന്ന് മൂന്ന് ആഴി കീർത്തനങ്ങൾ ആലപിക്കും.കീർത്തനംകഴിയുമ്പോൾ അയ്യപ്പൻമാർക്കും, അതിനു ശേഷം ആഴി പൂജ ദർശിക്കാൻ എത്തുന്നവർക്കും പ്രസാദം വിതരണം ചെയ്യും. പ്രസാദ വിതരണത്തിന് ശേഷം പടുക്ക ഇളക്കുന്നതോടെ ചടങ്ങുകൾ സമാപിക്കും.