കായംകുളം: പുല്ലുകുളങ്ങരയിൽ പെട്രോൾ പമ്പ് ആക്രമിച്ച് രണ്ട് ജീവനക്കാരെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ ക്വട്ടേഷൻ സംഘത്തിലെ രണ്ടുപേർ കസ്റ്റഡിയിൽ. ഐക്യജംഗ്ഷൻ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘങ്ങളിൽപ്പെട്ട ഭഗത്, ഷാലു എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സംഘാംഗങ്ങളായ നാലുപേർക്കായി തിരിച്ചിൽ തുടരുന്നു.

ബുധനാഴ്ച രാത്രി പത്തിനാണ് പുല്ലുകുളങ്ങരയ്ക്ക് പടിഞ്ഞാറുള്ള ഈരിയ്ക്കൽ പെട്രോൾ പമ്പിലായിരുന്നു സംഭവം. ജീവനക്കാരായ കണ്ടല്ലൂർ തെക്ക് കുളങ്ങരശേരിൽ തറയിൽ രതീഷ്, വെട്ടുതറയിൽ പുത്തൻവീട് വിനീഷ് രാജ് എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ബൈക്കുകളിലും കാറിലുമായാണ് സംഘം എത്തിയത്. പ്രതികളെ കനകക്കുന്ന് പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

ഭഗത്തും ഷാലുവും മൂന്നു ദിവസം മുൻപ് പമ്പിൽ വന്ന് പ്രശ്നമുണ്ടാക്കിയെന്നും ഇരുവരും ചേർന്നാണ് ജീവനക്കാരെ കുത്തിപരിക്കേൽപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.വാക് തർക്കത്തിൽ ഏർപ്പെടുകയും അക്രമിക്കാൻ ശ്രമിയ്ക്കുകയും ചെയ്തതിനെ കാമറയിൽ ജീവനക്കാർ പകർത്തുകയും ചെയ്തു.ഇതിൽ പ്രകോപിതരായ സംഘം പമ്പിന് കേടുപാട് വരുത്തുകയും ജീവനക്കാരെ കുത്തിപരിക്കേൽപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.