ഹരിപ്പാട്: തുടർ പഠനമെന്ന ആഗ്രഹ സാക്ഷാത്കാരത്തിനായി ജിയോ സ്മാർട്ട് ഫോണും ജിയോ കണക്ഷനും സമ്മാനമായി നൽകി റിലയൻസ് ജിയോ അക്ഷരമുത്തശ്ശി കാർത്യായനിയമ്മയെ ഡിജിറ്റൽ ലൈഫിലേക്കു സ്വാഗതം ചെയ്തു.
പഠനത്തിന് പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ച് സാക്ഷരതാമിഷന്റെ അക്ഷരലക്ഷം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ 96 വയസുകാരി കാർത്യായനിയമ്മയ്ക്ക് തുടർ വിദ്യാഭ്യാസം സുഗമമാക്കാൻ ഇനി ജിയോ ഫോണും സഹായത്തിനുണ്ടാകും. ഇന്നലെ ഉച്ചയ്ക്ക് വീട്ടിലെത്തിയ റിലയൻസ് ജിയോ ടീം ഫോണും കണക്ഷനും കൈമാറി. ഫോണിൽ നിന്നുള്ള ആദ്യ വീഡിയോ കോൾ ചെയ്തത് അദ്ധ്യാപികയായ സതിയുടെ ഫോണിലേക്കായിരുന്നു. പത്ത് മിനുട്ടത്തെ വീഡിയോ കോളിന് ശേഷവും ശ്രദ്ധ മുഴുവൻ ഫോണിലേക്ക് തന്നെ. കോൾ ചെയ്യുന്ന വിധവും മറ്റ് അത്യാവശ്യ കാര്യങ്ങളും ഒരു തവണ പറഞ്ഞ് കൊടുത്തപ്പോഴേക്കും മുത്തശ്ശിക്ക് ഒക്കെയും കാണാപ്പാഠം.
സാക്ഷരതാ മിഷൻ പരീക്ഷയിൽ 98 മാർക്ക് നേടി സംസ്ഥാനത്തെ ആയിരകണക്കിന് ആളുകൾക്ക് പ്രചോദനമായി മാറിയ കാർത്ത്യായനിയമ്മയ്ക്ക് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വീട്ടിലെത്തി ലാപ്ടോപ്പ് സമ്മാനിച്ചിരുന്നു.