 മത്സ്യത്തൊഴിലാളികൾ 20 വരെ കടലിൽ പോകരുത്

ആലപ്പുഴ: തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഗജ ചുഴലിക്കാറ്റിൽ ജില്ലയിൽ ജാഗ്രതാ നിർദ്ദേശം. രാവിലെ മുതൽ അതിശക്തമായ മഴപെയ്തു. പ്രളയം കഴിഞ്ഞ് ഭീതിവിട്ടൊഴിയാത്ത ജനങ്ങളിൽ ഗജ ചുഴലിക്കാറ്റ് ഏറെ ആശങ്കയാണ് ഉയർത്തുന്നത്.മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഗജ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ജില്ലയിൽ അതിശക്തമായ കാറ്റ് (മണിക്കൂറിൽ 30കി. മീറ്റർ മുതൽ ചില സമയങ്ങളിൽ 50 കി.മീറ്റർ വരെ വേഗത്തിൽ) വീശാൻ സാദ്ധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.

ഇന്നും ജില്ലയിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. രാവിലെ യെലോ അലർട്ടാണ് പ്രഖ്യാപിച്ചതെങ്കിലും മഴ ശക്തി പ്രാപിച്ചതോടെ ഉച്ചയോടെ ഒാറഞ്ച് അലർട്ടിലേക്ക് മാറ്റി. ശക്തമായ കാറ്റിനെത്തുടർന്ന് കടൽ പ്രക്ഷുബ്ധമാകാൻ സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ 20 വരെ കടലിൽ പോകുന്നതിൽ വിലക്ക് ഏർപ്പെടുത്തി. ഒാഖി, പ്രളയം, മത്സ്യ ക്ഷാമം തുടങ്ങിയതിന് പിന്നാലെ ഗജ എത്തുന്നത് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ വീണ്ടും പട്ടിണിയിലാഴ്ത്തുന്നു. രണ്ടാഴ്ചയായി പണിയില്ലാതിരുന്ന മത്സ്യത്തൊഴിലാളികൾ ബുധനാഴ്ചയാണ് കടലിൽ പോയി തുടങ്ങിയത്. ഇന്നലെ ഈ മേഖലയിൽ നിന്ന് മത്സ്യബന്ധനത്തിന് കടലിൽ പോയവർക്ക് സുരക്ഷിതമായ സ്ഥലത്ത് എത്തിച്ചേരാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയും ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാനും കളക്ടറും ചേർന്ന് സൗകര്യം ഒരുക്കി .

 ക്യാമ്പുകൾ സജ്ജീകരിക്കും

. ജില്ലയിൽ എല്ലാ താലൂക്കിലും ക്യാമ്പ് തുടങ്ങാനും പ്രശ്ന ബാധിത മേഖലയിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിക്കാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കാൻ തഹസിൽദാർക്കും ഫിഷറീസ് വകുപ്പിനും കളക്ടർ നിർദ്ദേശം നൽകി. ശക്തമായി കാറ്റ് വീശൽ തുടർന്നാൽ തീരദേശവാസികളെ മാറ്റി പാർപ്പിക്കും. മഴയുടെ സാഹചര്യത്തിൽ പൊതുജനങ്ങൾ വാഹനങ്ങൾ മരങ്ങളുടെ കീഴിൽ പാർക്ക് ചെയ്യരുത്. വൈദ്യുതി ടെലിഫോൺ പോസ്റ്റുകളുടെ ചുവട്ടിൽ നിൽക്കരുതെന്നും ദുരന്തനിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകി.