ശുചീകരണ തൊഴിലാളികളുടെ മിനിമം വേതനം 10000 രൂപ അപകടത്തിൽപ്പെട്ടെത്തുന്നവർക്ക് ആദ്യ 24 മണിക്കൂർ പരിശോധന സൗജന്യം
അമ്പലപ്പുഴ : അപകടത്തിൽപ്പെട്ട് അത്യാസന്ന നിലയിൽ ആശുപത്രിയിലെത്തിക്കുന്നവരുടെ ആദ്യത്തെ 24 മണിക്കൂർ ചികിത്സ സൗജന്യമാക്കാൻ ജില്ലാ കളക്ടർ എസ്.സുഹാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതി യോഗത്തിൽ തീരുമാനമായി. പരിശോധനകൾക്ക് ആവശ്യമായ ഫീസ് അടക്കാൻ കഴിയാതെ ചികിത്സ മുടങ്ങുന്നത് ഒഴിവാക്കാനാണ് തീരുമാനം.
ബ്ലോക്ക് പഞ്ചായത്തംഗം യു.എം.കബീറാണ് ഈ ആവശ്യമുന്നയിച്ചത്.. പലപ്പോഴും നാട്ടുകാരാണ് അപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നത്. സി.ടി സ്കാൻ ഉൾപ്പടെയുള്ളവയ്ക്ക് അടയ്ക്കാൻ പണമില്ലാത്തതിനെ തുടർന്ന് ചികിത്സ മുടങ്ങാറുണ്ടായിരുന്നു. മൂന്നുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ആശുപത്രിയിൽ വികസന സമിതി യോഗം നടന്നത്. ഒ.പി പ്രവർത്തനസമയത്തിനു ശേഷം പ്രധാന ഡോക്ടർമാർ ആശുപത്രിയിൽ കാണാറില്ലെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാമെന്ന് കളക്ടർ ഉറപ്പു നൽകി. ഡോക്ടർമാർ ആശുപത്രി ഫാർമസിയിലുള്ള മരുന്നുകളുടെ കുറിപ്പടി നൽകണമെന്നും ഇല്ലാത്ത മരുന്നുകൾ എഴുതി രോഗികളെ ബുദ്ധിമുട്ടിക്കരുതെന്നും ചർച്ചയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. വാഹന പാർക്കിംഗ് കുടുംബശ്രീയെ ചുമതല ഏൽപ്പിക്കണമെന്നുള്ള അഭിപ്രായവുമുണ്ടായി. പ്രീ പെയ്ഡ് ആംബുലൻസും, ഓട്ടോ ടാക്സിയും പൊലീസിന്റെ മേൽനോട്ടത്തിൽ ഏർപ്പെടുത്തുന്നതിൽ ചർച്ച നടത്തി തീരുമാനമെടുക്കും. ശുചീകരണ തൊഴിലാളികളുടെ മിനിമം വേതനം 10000 രൂപ ആക്കാനും തീരുമാനമായി.സെക്യൂരിറ്റി ജീവനക്കാരുടെയും, എച്ച്.ഡി.സി ജീവനക്കാരുടെയും ശമ്പള വർദ്ധന അടുത്ത കമ്മറ്റിയിൽ ചർച്ച ചെയ്യും. വികസനസമിതിയുടെ കീഴിൽ ലാബ് തുടങ്ങും. മന്ത്രി, എം.പി എന്നിവരുടെ സാന്നിധ്യത്തിൽ ഉപസമിതികൾ രൂപീകരിക്കാനും തീരുമാനമായി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പുഷ്പലത, ആശുപത്രി സൂപ്രണ്ട് ഡോ.ആർ.വി.രാംലാൽ, ജനപ്രതിനിധികളായ എച്ച്.സലാം, പ്രജിത്കാരിക്കൽ, എ.ഓമനക്കുട്ടൻ, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഫ്സത്ത്, പ്രദീപ്, പി.സാബു, എ.ആർ.കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു