ef
കല്ലേറിൽ തകർന്ന കാർ

ഹരിപ്പാട്: കായംകുളം സ്റ്റേഷനിലെ സിവിൽ പൊലീസ് ഒാഫീസർ ആറാട്ടുപുഴ വലിയഴീക്കൽ ഗുളികശേരിൽ ബിനുമോന്റെ വീടിനു നേരേ ആക്രമണം. വീട്ടുമുറ്റത്തെ ഷെഡിൽ കിടന്ന കാറിന്റെ മുൻവശത്തെ ചില്ല് കല്ലേറിൽ തകർന്നു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോൾ അക്രമികൾ മതിൽ ചാടി ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി 12.30നാണ് ആക്രമണം. രണ്ടു ബൈക്കുകളിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് വീട്ടുകാർ പറഞ്ഞു. ഇവരെ രണ്ടാഴ്ച മുൻപ് കായംകുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ പൊതു സ്ഥലത്തു മദ്യപിച്ചതിനു പിടികൂടിയിരുന്നു. പൊലീസ് സംഘത്തിൽ ബിനുമോനും ഉൾപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് ബിനുമോൻ പറഞ്ഞു. തൃക്കുന്നപ്പുഴ പൊലീസിന് പരാതി നൽകി.