വള്ളികുന്നം: അവസാനത്തെ ഹൈമാസ്റ്റ് വിളക്കും മിഴിപൂട്ടിയതോടെ ചൂനാട് ജംഗ്ഷൻ അന്ധകാരത്തിൽ.അഞ്ച് വിളക്കുകൾ നേരത്തേ അണിഞ്ഞിരുന്നു. രണ്ടാഴ്ച മുൻപ് അവസാനത്തെ വിളക്കും അണഞ്ഞു.നാട്ടുകാരുടെ നീണ്ട മുറവിളിയെ തുടർന്ന് അഞ്ച് വർഷം മുൻപാണ് ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചത്. ആർ.രാജേഷ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ആറര ലക്ഷം രൂപ ചിലവഴിച്ചാണ് വള്ളികുന്നം ചൂനാട് തെക്കേ ജംഗ്ഷനിൽഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചത്. കേടായ വിളക്കുകൾ മാറ്റി സ്ഥാപിക്കുന്നതിനോ , അറ്റകുറ്റപ്പണി നടത്താനോ അധികൃതർ തയ്യാറായില്ല.ജംഗ്ഷന് നാലുഭാഗത്തേക്ക് പ്രകാശം വീശിയ വിളക്കുകൾ ഇതോടെ ഒരോന്നായി അണയാൻ തുടങ്ങി. അൻപതിലധികം വ്യാപാര സ്ഥാപനങ്ങൾ ജംഗ്ഷനിൽ പ്രവർത്തിക്കുന്നു. ധനകാര്യ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, സ്കൂളുകൾ തുടങ്ങിയവയും സ്ഥിതി ചെയ്യുന്നു. രാത്രി വ്യാപാര സ്ഥാപനങ്ങൾ അടയ്ക്കുന്നതോടെ പ്രദേശം ഇരുട്ടിലാവും.ഇതുവഴി കടന്നു പോവുന്ന വാഹനങ്ങളുടെ വെളിച്ചമാണ് കാൽനടയാത്രക്കാരുടെ ആശ്രയം. വിളക്കുകൾ പ്രകാശിക്കാത്തതിനാൽ പ്രദേശത്ത് മാലിന്യം നിക്ഷേപകരുടെയും,സാമൂഹ്യ വിരുദ്ധരുടെയും ശല്യം രൂക്ഷമായിട്ടുണ്ട്. പ്രദേശവാസികളില്ലാത്തവർ ജംഗ്ഷൻ കേന്ദ്രീകരിച്ച് താവളമാക്കുന്നതായി നാട്ടുകാർ പറയുന്നു. തെരുവുനായകളുടെ ശല്യവും വഴിയാത്രക്കാർ നേരിടുന്നുണ്ട്. കറ്റാനം, കാമ്പിശേരി, താമരക്കുളം, ഓച്ചിറ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരുന്നത് മുക്കവല കൂടിയായ ചൂനാട് ജംഗ്ഷനിലൂടെയാണ്. ഹൈമാസ്റ്റ് ലൈറ്റ് തെളിക്കുന്നതിന് നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്.