മാന്നാർ:ഗതാഗത തിരക്ക് അനുദിനം പെരുകുമ്പോൾ മാന്നാർ ടൗണിൽ കുരുക്കഴിക്കാൻ സംവിധാനമില്ല.ടൗണിലെ ഗതാഗതം നിയന്ത്രിക്കുന്നതിനായി 30 വർഷം മുൻപ് ലയൺസ് ക്ലബ് നിർമ്മിച്ച് ട്രാഫിക് ഐലന്റ് ഇപ്പോൾ ഉപയോഗശൂന്യം. പരുമലക്കടവിൽ ട്രാഫിക് ഐലന്റ് നിർമ്മിക്കുമ്പോൾ മാന്നാറിൽ വാഹനങ്ങളുടെ ബാഹുല്യം ഉണ്ടായിരുന്നില്ല.അന്ന് ഐലന്റിൽ നിന്ന് പൊലീസിന് ഗതാഗതം നിയന്ത്രിക്കാൻ കഴിയുമായിരുന്നു.അതിനാൽഏറെ പ്രതാപത്തോടെയാണ് ഐലന്റ് തല ഉയർത്തി നിന്നത് . എന്നാൽ ഇപ്പോൾ ഇവിടെ നിന്ന് ഗതാഗതം നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമാണ്. നാല് വശങ്ങളിലൂടെയും വരുന്ന വാഹനങ്ങൾ ഐലന്റിൽ നിന്നാൽ കാണാൻ കഴിയുന്നില്ലെന്ന് മാത്രമല്ല റോഡിൽ ഇറങ്ങി ഗതാഗതം നിയന്ത്രിക്കേണ്ട അവസ്ഥയുമായി.രാഷ്ട്രീയ പാർട്ടികളുടെയും മറ്റ് സംഘടനകളുടെയും പ്രധാന പരിപാടികൾ വരുമ്പോൾ കൊടിതോരണങ്ങൾ കെട്ടാനുള്ള സ്ഥലമായി എെലന്റ് മാറി.മാന്നാറിന്റെ സമീപ പ്രദേശങ്ങളിലെല്ലാം സിഗ്‌നൽ ലൈറ്റുകൾ സ്ഥാപിച്ച് ഗതാഗതം നിയന്ത്രക്കുമ്പോൾ ഇവിടെ ഇനിയും ഇതിനെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ല.അടിയന്തരമായി ട്രാഫിക് സിഗ്‌നൽ ലൈറ്റ് സ്ഥാപിച്ച് ഗതാഗതക്കുരുക്ക് അഴിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.