കുട്ടനാട്: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്ക്ക് ഇനി അഞ്ചു നാൾ. എല്ലാ വഴികളും ചക്കുളത്തുകാവിലേക്കാണ്.നാടിന്റെ നാനാഭാഗങ്ങളിൽനിന്ന് ആയിരങ്ങൾ പൊങ്കാല അർപ്പിക്കാൻ എത്തിച്ചേരും. പമ്പയാറിനും മണിമലയാറിനും മദ്ധ്യേ കാർഷിക സമൃദ്ധി നിറഞ്ഞ നീരേറ്റുപുറം ഗ്രാമത്തിന്റെ ചരിത്രം ചക്കുളത്തുകാവുമായി ഇഴുകി ചേർന്നതെന്ന് പഴമക്കാർ ഒാർക്കുന്നു. ആകഥ ഇങ്ങനെ :പണ്ടു ഈ പ്രദേശമാകെ കൊടും കാടായിരുന്നു. മൃഗങ്ങളെ വേട്ടയാടി ജീവിക്കുന്ന വേടനും വേടത്തിയും ഒരിക്കൽ ഈ കാട്ടിലെത്തി.വേടനു നേരേ അപ്രതീക്ഷിതമായി ഒരു പാമ്പ് അപ്പോൾ ചീറിയടുത്തു. പാമ്പിൽ നിന്ന് രക്ഷനേടാൻ വേടൻ തന്റെ കോടാലി ആഞ്ഞു വീശി. മുറിവേറ്റപാമ്പ് കാടിനുള്ളിലേക്ക് വേഗത്തിൽ ഇഴഞ്ഞു നീങ്ങി. നോവിച്ച പാമ്പിനെ വെറുതേ വിട്ടാൽ അതു തിരികെയെത്തി ആക്രമിക്കുമെന്നു വേടൻ ഭയന്നു .തുടർന്ന് പാമ്പിനെ തിരഞ്ഞ് നടന്നു. വന മദ്ധ്യത്തിലെ കുളത്തിന്റെ കരയിൽ ഒരു പുറ്റിനു മുകളിൽ താൻ മുറിവേൽപ്പിച്ച പാമ്പിനെ കണ്ടു. വേടൻ വീണ്ടും കോടാലിയെടുത്ത് ആഞ്ഞു വെട്ടിയെങ്കിലും പാമ്പിനു മുറിവേറ്റില്ല. പെട്ടെന്നു പാമ്പ് അപ്രത്യക്ഷമായി. വെട്ടേറ്റു പൊട്ടിയ ചിതൽ പുറ്റിനു മുകളിൽ ഒരു ചോരപ്പാട് അവശേഷിച്ചു. ചിതൽ പുറ്റു പിളർന്നു ജലം പ്രവഹിക്കാൻ തുടങ്ങിയപ്പോൾ വേടൻ അമ്പരന്നു. അപ്പോൾ വേടനു മുമ്പിൽ സന്യാസി വേഷത്തിൽ നാരദമുനി പ്രത്യക്ഷപ്പെട്ടു. ചിതൽ പുറ്റിലെ ജല പ്രവാഹം അവസാനിച്ച് തേനും പാലും ഒഴുകിവരുമെന്നു സന്യാസി അറിയിച്ചു. തേനും പാലും ഒഴുകി നിറഞ്ഞ കുളത്തിലെ വെള്ളത്തിന് ചക്കരയുടെ മധുരമായി. പുറ്റിനുള്ളിൽ വന ദുർഗ ജലശയനത്തിലായിരുന്നുവെന്നും ആ ജലമാണ് പുറത്തേക്കു ഒഴുകിയതെന്നും സന്യാസി വേടനോടു പറഞ്ഞു. പുറ്റിനകത്തു നിന്ന് വനദുർഗയുടെ വിഗ്രഹം പുറത്തെടുത്ത് നാട്ടി നിറുത്തി വനദുർഗയെ കണ്ട് നമസ്കരിച്ച് വേടൻ തലയുയർത്തി നോക്കുമ്പോൾ സന്യാസി അപ്രത്യക്ഷനായിരുന്നു. വേടനും കുടുംബവും ഏറെക്കാലം വനദുർഗയെ പ്രാർത്ഥിച്ച് കാടിനു നടുവിൽ കഴിഞ്ഞു.ചക്കരയുടെ മധുരമുള്ള വെള്ളമുള്ളതിനാൽ കുളത്തിനു ചക്കരകുളമെന്നു പേരു വന്നു. ചക്കരകുളത്തുകാവ് ലോപിച്ചാണു ചക്കുളത്തുകാവ് ഉണ്ടായതെന്നു വിശ്വാസം. വേടൻ കാടൊഴിഞ്ഞ ശേഷം പട്ടമനയില്ലത്തെ നമ്പൂതിരിമാർ കാവിന്റെ മേൽനോട്ടം ഏറ്റെടുത്ത് ശ്രീകോവിൽ പണിതു. പുറ്റിൽ നിന്ന് ജലമൊഴുകിയതിനാൽ നീരേറ്റിയപുരം എന്ന വിശേഷണത്തിൽ നിന്നാണ് ദേശത്തിന് നീരേറ്റുപുറം എന്നു പേരു ലഭിച്ചത്.

പൊങ്കാല അർപ്പിക്കാൻ ചക്കുളത്തമ്മയും

ചക്കുളത്തുകാവിലെ പൊങ്കാലയ്ക്കും ഐതീഹ്യമുണ്ട്. ക്ഷേത്രത്തിന്റെ ഉത്ഭവത്തിനു കാരണക്കാരായ വേടനും കുടുംബവും ഈ വനത്തിൽ താമസിച്ചിരുന്നു. മൺകലങ്ങളിൽ ആഹാരം പാകം ചെയ്തു ഭക്ഷിച്ചിരുന്ന അവർ ആദ്യം ദേവിക്കു നല്കും. ശേഷം ഇവർ ഭക്ഷണം കഴിച്ചു.ഒരു ദിവസം വിറകു ശേഖരിക്കാൻ പോയ അവർക്കു സമയത്ത് തിരിച്ചെത്താൻ കഴിഞ്ഞില്ല. ഇതുമൂലം ദേവിക്കു ഭക്ഷണം നൽകാനും സാധിച്ചില്ല. പശ്ചാത്താപവിവശരായ അവർ ദേവി പാദത്തിൽ സാഷ്ടാംഗം വീണു മാപ്പപേക്ഷിച്ചു. പിന്നീട് അമ്മയ്ക്ക് ആഹാരം പാകം ചെയ്യാൻ അടുപ്പിനടുത്തെത്തിയപ്പോൾ നിറയേ ചോറും കറികളും കായ് കനികളും കണ്ടു. ഇതു ദേവിതന്നെ പാകം ചെയ്തെന്ന തിരിച്ചറിഞ്ഞ വേടനും വേടത്തിയും ഉറക്കെ അമ്മയെ വിളിച്ചു പ്രാർത്ഥിച്ചു. ഇതാണ് ചക്കുളത്തുകാവിലെ പൊങ്കാലയുടെ എെതീഹ്യം.പൊങ്കാല അർപ്പിക്കുമ്പോൾ ഭക്തരിൽ ഒരാളായി ചക്കുളത്തമ്മയും ഉണ്ടെന്നാണ് വിശ്വാസം.