ആലപ്പുഴ : പൂക്കളും ചെടികളും നിറഞ്ഞ് സന്ദർശകർക്ക് കണ്ണിനു കുളിരേകാൻ ഒരുങ്ങുകയാണ് നഗരചത്വരം. കാടുകയറി കിടന്ന നഗരചത്വരം മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായാണ് പൂങ്കാവനവുമൊരുക്കുക. നവീകരണത്തിനായി 2.32 കോടി രൂപയാണ് ചെലവഴിക്കുന്നതെന്ന് നഗരസഭ ചെയർമാൻ തോമസ് ജോസഫ് പറഞ്ഞു.
പ്രവർത്തനം നിലച്ച ചത്വരം കഴിഞ്ഞ കുറച്ചുനാളുകളായി സാമൂഹ്യവിരുദ്ധരുടെ കൈപ്പിടിയിലായിരുന്നു. 2011ലാണ് മുനിസിപ്പൽ മൈതാനം നഗരചത്വരമാക്കിയത്. രണ്ട് ഒാപ്പൺ സ്റ്റേജുകൾ, കുട്ടികൾക്കുള്ള പാർക്ക്, ,ആഡിറ്റോറിയം,ലഘുഭക്ഷണശാല,മുതിർന്ന പൗരൻമാർക്കുള്ള വിശ്രമ സ്ഥലം,ലളിതകലാ അക്കാഡമി ആർട്ട് ഗ്യാലറി എന്നിവയാണ് ചത്വരത്തിലുണ്ടായിരുന്നത്. കരാറുകാർക്കായിരുന്നു ആദ്യം നടത്തിപ്പുചുമതല. വാടക കുടിശിക നൽകാതെ വന്നതോടെ കരാറുകാരെ ഒഴിവാക്കി . പിന്നീട് നഗരസഭ നേരിട്ടാണ് ചത്വരത്തിന്റെ പ്രവർത്തനം നിയന്ത്രിച്ചത്. എന്നാൽ കാലക്രമേണ ചത്വരത്തിന്റെ പ്രഭാവം മങ്ങി. അറ്റകുറ്റപ്പണി നടത്താതെ കെട്ടിടം അടച്ചു പൂട്ടി. നഗരചത്വരത്തിലെ കെട്ടിടവും പാർക്കും ദീർഘകാലമായി ഉപയോഗിക്കാതെ കിടന്നതിനാൽ കാട് കയറിയ നിലയിലായിരുന്നു. പാർക്കിലെ ഉപകരണങ്ങളിൽ നല്ലൊരു ശതമാനവും നശിപ്പിക്കപ്പെട്ടു. കെട്ടിടം അടച്ച് പൂട്ടിയെങ്കിലും സെക്യൂരിറ്റി ജീവനക്കാർ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധർ പൂട്ടുപൊളിച്ച് അകത്തു കടക്കും. നിരന്തരം പരാതി ഉയർന്നതിനെ തുടർന്നാണ് നഗര ചത്വരത്തെ പുതിയ രൂപത്തിൽ അണിയിച്ചൊരുക്കാൻ നഗരസഭ മുന്നിട്ടിറങ്ങിയത്. നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് ഒഴിഞ്ഞ മദ്യക്കുപ്പികളും പ്ളാസ്റ്റിക് മാലിന്യവും മറ്റും കഴിഞ്ഞ ദിവസങ്ങളിൽ നീക്കം ചെയ്തു. കാട് വെട്ടി തെളിക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്.
പദ്ധതിയ്ക്ക് 2.32 കോടി
2.32 കോടി രൂപ മുടക്കി പുനർനിർമ്മിക്കുന്ന ചത്വരത്തിന്റെ പ്രധാന ആകർഷണം പൂങ്കാവനം തന്നെയായിരിക്കും. വൈവിദ്ധ്യമാർന്ന പൂക്കളായിരിക്കും ഇവിടെയുണ്ടാവുക. ഇതിനുള്ള രൂപരേഖ തയ്യാറായി. നിലവിലുള്ള കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്തി മിനുക്കിയ ശേഷമാകും ചത്വരത്തിന്റെ രണ്ടാംഘട്ട ഉദ്ഘാടനം നടത്തുക.
'' നഗരചത്വരത്തിന്റെ നവീകരണം പൂർത്തീകരിക്കുവാൻ ആറ് മാസം എടുക്കും. കെട്ടിടത്തിൽ മുകളിലത്തെ നിലയിൽ എ.സി സംവിധാനം ഒരുക്കും. സെക്യൂരിറ്റി ജീവനക്കാരനെ നിയമിച്ചിട്ടുണ്ട്. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കും.
തോമസ് ജോസഫ്,
നഗരസഭ ചെയർമാൻ