thomas
സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾക്കായി മാരാരിക്കുളം സെന്റ് അഗസ്റ്റ്യൻസ് ഹൈസ്‌കൂളിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് മന്ത്രി ഡോ.ടി.എം.തോമസ് എെസക് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: തീരദേശവാസികൾക്കായി പ്രത്യേക പാക്കേജ് ആവിഷ്‌കരിക്കുമെന്ന് മന്ത്രി ടി.എം തോമസ് ഐസക് പറഞ്ഞു.

സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾക്കായി മാരാരിക്കുളം സെന്റ് അഗസ്റ്റ്യൻസ് ഹൈസ്‌കൂളിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദിശ നിർണയ ഉപകരണം, സാറ്റലൈറ്റ് ഫോണുകൾ എന്നിവയും മത്സ്യബന്ധനത്തിനു പോകുന്നവർക്ക് അനുവദിക്കും. 12 മീറ്റർ വീതിയിൽ തീരദേശ റോഡുകൾ പണിയും. സ്ഥലം ലഭ്യമാകുന്നില്ലെങ്കിൽ എലിവേറ്റഡ് ഹൈവേ നിർമ്മിക്കും. ഈ ഹൈവേയുടെ വരവോടെ ടൂറിസം മേഖല സജീവമാകും. തീരത്തിന്റെ 50 മീറ്റർ പരിധിയിലുള്ള തീരദേശ നിവാസികളെ സുരക്ഷ കണക്കിലെടുത്ത് മാറ്റി പാർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മത്സ്യതൊഴിലാളികളുടെ ആരോഗ്യപരിപാലനത്തിനായി 100 കോടി മുടക്കി ചെട്ടികാട് ആശുപത്രി തുറക്കും. സ്ഥലം ഉടമസ്ഥരുമായുള്ള തർക്കം മൂലമാണ് ആശുപത്രി തുറക്കാൻ വൈകുന്നത്. മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവർക്ക് തുടർചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. പ്രിയേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു . ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.ടി.മാത്യു, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എം.സിയാർ, ഫിഷറീസ് അസി.ഡയറക്ടർ കെ.നൗഷർഖാൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.പ്രകാശൻ, വാർഡംഗം സുനിത ചാർളി, വികസനകാര്യ സമതി അദ്ധ്യക്ഷൻ പി. ബി. സുര എന്നിവർ പങ്കെടുത്തു.