ambalapuzha-news
ദേശീയപാതയിൽ കാക്കാഴം മേൽപാലത്തിൽ ശബരിമല കർമ്മസമിതി പ്രവർവത്തകർ റോഡ് ഉപരോധിക്കുന്നു

അമ്പലപ്പുഴ: ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നടന്ന ഹർത്താൽ അമ്പലപ്പുഴയിൽ പൂർണം. കടകമ്പോളങ്ങൾ മുഴുവൻ അടഞ്ഞുകിടന്നു. രാവിലെ തകഴി, കാക്കാഴം, വണ്ടാനം ഭാഗങ്ങളിൽ വാഹനം തടഞ്ഞവരെ പൊലീസെത്തി നീക്കം ചെയ്തു. അമ്പലപ്പുഴ, വണ്ടാനം, കപ്പക്കട എന്നിവിടങ്ങളിലെ പെട്രോൾ പമ്പുകൾ ഹർത്താൽ അനുകൂലികൾ ബലമായി അടപ്പിച്ചു..

വളഞ്ഞവഴിയിൽ കടകളടപ്പിക്കാൻ ശ്രമിച്ച കർമ്മസമിതി പ്രവർത്തകരായ ഷാംജി ,ജിതേഷ്, സലിംകുമാർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകിട്ടോടെ ഇവരെ സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു.

കർമ്മ സമിതിയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ പടിഞ്ഞാറെ നടയിൽ നിന്നും 200 ഓളം പ്രവർത്തകർ നാമജപ ഘോഷയാത്രയായെത്തി കാക്കാഴം മേൽപ്പാലത്തിൽ കുത്തിയിരുന്ന് ദേശീയപാത ഉപരോധിച്ചു. ഒരു മണിക്കൂറോളം ഉപരോധം നീണ്ടു. കണ്ടാലറിയാവുന്ന 50 ഓളം പ്രവർത്തകർക്കെതിരെ അമ്പലപ്പുഴ പൊലീസ് കേസെടുത്തു. റോഡ് ഉപരോധം കെ.പി.എം.എസ് താലൂക്ക് പ്രസിഡന്റ് എം.ഡി സിബിലാൽ ഉദ്ഘാടനം ചെയ്തു.ആർ.എസ്.എസ് അമ്പലപ്പുഴ ഖണ്ഡ് സഹകാരി രതീഷ് തകഴി, ബി.ജെ.പി ജില്ലാ സെക്രട്ടറി എൽ.പി.ജയചന്ദ്രൻ ,വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി എം.ജയകൃഷ്ണൻ, ആർ.എസ്.എസ് അമ്പലപ്പുഴ ഖണ്ഡ് കാര്യവാഹക് ജി.സുമേഷ്, ജില്ലാ സഹകാര്യവാഹ് ഉണ്ണിക്കൃഷ്ണൻ, ബി.ജെ.പി നേതാക്കളായ കൊട്ടാരം ഉണ്ണിക്കൃഷ്ണൻ, ഡി.പ്രദീപ്, വി.ബാബുരാജ്‌, കെ.അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.