ഹൈക്കോടതിയെ സമീപിക്കുമെന്ന് ചെയർമാൻ

കായംകുളം : സെൻട്രൽ സ്വകാര്യ ബസ് സ്റ്റാൻഡ് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നഗരസഭ കൗൺസിൽ തീരുമാനം നടപ്പാക്കുന്നത് തദ്ദേശ സ്വയംഭരണ ട്രൈബൂണൽ സ്റ്റേ ചെയ്തു. എന്നാൽ സ്റ്റേ സാങ്കേതികം മാത്രമാണന്നും ഇതിനെതിരെ നഗരസഭ ഹൈക്കോടതിയെ സമീപിക്കുമെന്നും ചെയർമാൻ എൻ.ശിവദാസൻ പറഞ്ഞു.

ഒക്ടോബർ 24 ലെ കൗൺസിൽ തീരുമാനമാണ് സ്റ്റേ ചെയ്തത്. മാസ്റ്റർ പ്ലാനിലും ബഡ് ജറ്റിലും ഉൾപ്പെട്ട 178 സെന്റിന് പകരം 35 സെന്റ് ഏറ്റെടുക്കാനുള്ള നിർദ്ദേശമാണ് കൗൺസിൽ പാസാക്കിയത്. അന്നു നടന്ന കൗൺസിൽ യോഗത്തിൽകൗൺസിലർമാർ ചേരിതിരിഞ്ഞ് വാക്കേറ്റവും കൈയാങ്കളിയും നടത്തി. കോൺഗ്രസ് കൗൺസിലർ കാവിൽ നിസാമാണ് അഡ്വ. അഷറഫുദ്ദീൻമുഖേന ട്രൈബൂണലിനെ സമീപിച്ചത്. അജൻഡയിലെ എ മുതൽ എഫ് വരെയുള്ള തീരുമാനങ്ങളാണ് റദ്ദാക്കിയത്. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഇരുമുന്നണികളും പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ ഉയർത്തി വരികയായിരുന്നു. ഇതിനിടെ പ്രതിപക്ഷം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കരിഷ്മയുടെ വ്യാജ ഒപ്പിട്ടെന്ന സംഭവവും വിവാദമായിരുന്നു. ഇത് പൊലീസ് അന്വേഷിച്ച് വരികയാണ്.