a
ഹിന്ദു നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വതത്തില്‍ മാവേലിക്കരയില്‍ നടന്ന നാമജപ ഘോഷയാത്ര

ഡി.വൈ.എഫ്.ഐ പ്രവർത്തകന് നേരേ കൈയേറ്റം

മാവേലിക്കര:ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നടത്തിയ ഹർത്താൽ മാവേലിക്കരയിൽ പൂർണം. കർമ്മ സമിതി പ്രവർത്തകരുടെ നേതൃത്വത്തിൽ കടകൾ അടപ്പിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു. പനച്ചമൂട്ടിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകന് നേരേ കൈയേറ്റം നടന്നു. കണ്ടിയൂരിൽ സവാരി നടത്തിയ ഓട്ടോ തടഞ്ഞത് വാക് തർക്കത്തിൽ കലാശിച്ചു.

രാവിലെ മുതൽ ഹർത്താൽ അനുകൂലികൾ ഇരുചക്ര വാഹനങ്ങളിൽ സംഘമായി എത്തി കടകളടപ്പിക്കുകയായിരുന്നു. മാവേലിക്കര, പുതിയകാവ്, മുള്ളിക്കുളങ്ങര, കണ്ടിയൂർ, തട്ടാരമ്പലം, പനച്ചമൂട്, ചെട്ടികുളങ്ങര, വെട്ടിയാർ ഭാഗങ്ങളിൽ കടകൾ പൂർണമായി അടഞ്ഞുകിടന്നു. സ്ത്രീകൾ അടക്കമുള്ള പ്രവർത്തകരുടെ നേതൃത്വത്തിൽ മിച്ചൽ ജംഗ്ഷനിൽ വാഹനങ്ങൾ തടഞ്ഞു. പിന്നീട് നഗരത്തിൽ പ്രവർത്തകർ നാമജപ ഘോഷയാത്ര നടത്തി.

രാവിലെ 10.15ന് പനച്ചമൂട് ജംഗ്ഷനിലാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകന് നേരേ കൈയേറ്റം ഉണ്ടായത്. പനച്ചമൂട് യൂണിറ്റംഗം കണ്ടിയൂർ കൊച്ചിക്കൽ വടക്കേ വിളയിൽ ആകാശ് (24) ബൈക്കിൽ പോകവേ പത്തുപേരടങ്ങുന്ന സംഘം തടഞ്ഞു നിറുത്തുകയായിരുന്നു. തന്നെ കൈയേറ്റം ചെയ്യുകയും ആക്രമിക്കുകയും ചെയ്തുവെന്ന് ആകാശ് പറയുന്നു. ഇയാൾ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മാവേലിക്കര പൊലീസ് കേസെടുത്തു.