ഹരിപ്പാട് : സഹപാഠിയെ പ്രണയ വിവാഹം ചെയ്തതിന്റെ പേരിൽ ജീവന് ഭീഷണിയുണ്ടെന്നും കെവിൻ മോഡൽ കൊല ആവർത്തിക്കാതിരിക്കാൻ സഹായിക്കണമെന്നും അഭ്യർത്ഥിച്ച് വീയപുരം പായിപ്പാട് എഴുത്തിൽ എഡ്വിൻ വില്ലയിൽ എഡ്വിൻ ഫിലിപ്പ് സാം (24) ഫേസ്ബുക്ക് പോസ്റ്റിട്ടു. ഭാര്യയുടെ വീട്ടുകാരെത്തി പൊലീസിന്റെ സഹായത്തോടെ അവളെ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോയെന്നും പറയുന്നു.

എഡ്വിൻ പറയുന്നത് : കന്യാകുമാരി സ്വദേശി ആർദി ചന്ദ്രനുമായി (22) രണ്ട് വർഷമായി പ്രണയത്തിലായിരുന്നു. കോവളം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റിലെ വിദ്യാർത്ഥികളായിരുന്നു തങ്ങൾ. കഴിഞ്ഞ 12ന് ആർദിയുമായി ഹരിപ്പാട് എത്തി വിവാഹം രജിസ്റ്റർ ചെയ്തു. വിവരമറിഞ്ഞ് ആർദിയുടെ വീട്ടുകാരെത്തി അക്രമം നടത്തി കൂട്ടിക്കൊണ്ടുപോയി.

നാഗർകോവിൽ കോടതിയിൽ ഹാജരാക്കണമെന്ന് പറഞ്ഞാണ് തന്നെ കൂട്ടികൊണ്ടു പോയതെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ കേരള പൊലീസാണ് കാരണക്കാരെന്നും എഡ്വിന്റെ ഫേസ്ബുക്കിൽ ആർദി പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.

വീയപുരം പൊലീസ് എത്തിയപ്പോഴാണ് ആർദിയുടെ വീട്ടുകാർ തിരികെ പോയതെന്ന് എഡ്വിന്റെ അച്ഛൻ സാം ഫിലിപ്പ് പറഞ്ഞു. അടുത്ത ദിവസം തമിഴ്നാട് പൊലീസ് കേരള പൊലീസിന്റെ സഹായത്തോടെ ആർദിയെ കൂട്ടിക്കൊണ്ടുപോയി. ആർദിയെ തിരക്കി കന്യാകുമാരിയിൽ എത്തിയ തന്നെയും ആറ് സുഹൃത്തുക്കളെയും ലോഡ്ജിൽ നിന്നു തമിഴ്നാട് പൊലീസ് ഇറക്കിവിട്ടു. ഒരുമിച്ച് താമസിക്കാൻ കഴിയില്ലെങ്കിൽ എഡ്വിനും ആർദിയും ആത്മഹത്യ ചെയ്യുമോയെന്ന് ഭയമുണ്ടെന്നും സാം ഫിലിപ്പ് പറഞ്ഞു.

ആർദിയെ കോടതിയിൽ ഹാജരാക്കാതെ വീട്ടുകാർക്കൊപ്പം വിട്ടയച്ചെന്നാണ് എഡ്വിന്റെ ആരോപണം. രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് എഡ്വിൻ പരാതി നൽകി.

മജിസ്‌ട്രേട്ടിന് മുന്നിലേക്ക് കൊണ്ടുപോയെന്ന്

കന്യാകുമാരി പൊലീസ് എടുത്ത കേസിന്റെ അടിസ്ഥാനത്തിൽ യുവതിയെ കസ്റ്റഡിയിലെടുത്ത് നാഗർകോവിൽ മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കാൻ കൊണ്ടുപോവുകയായിരുന്നെന്ന് ഹരിപ്പാട് പൊലീസ് വ്യക്തമാക്കി.