 ആവേശമായില്ല ഹൗസ്ബോട്ട് റാലിയും നെഹ്രുട്രോഫിയും

ആലപ്പുഴ: പ്രളയത്തിൽ നിന്നുള്ള ഉണർവ്വിനായി പുന്നമടക്കായലിൽ സംഘടിപ്പിച്ച ഹൗസ്ബോട്ട് റാലിയും നെഹ്രുട്രോഫിയും വിജയകരമായി പര്യവസാനിച്ചെങ്കിലും ജില്ലയിലെ ടൂറിസം മേഖലയുടെ വരുമാന നഷ്ടം 300 കോടിയിലെത്തി! ഒട്ടുമിക്ക ഹൗസ്ബോട്ടുകളിലും ജീവനക്കാരുടെ ശമ്പളം കുടിശികയായി. കഴിഞ്ഞ സീസണുമായി ഒത്തുനോക്കുമ്പോൾ ഇക്കുറി 85 ശതമാനത്തോളം സർവീസാണ് മേഖലയ്ക്ക് നഷ്ടമായത്.

ഹൗസ്ബോട്ട് റാലിയിൽ പങ്കെടുത്ത ഒരു ബോട്ട് ഉടമയക്ക് 8000 രൂപയോളം ചെലവ് വന്നിരുന്നു. റാലി ജനശ്രദ്ധ പിടിച്ചു പറ്റിയെങ്കിലും വിദേശികളായ വിനോദ സഞ്ചാരികളുടെ വരവ് തീരെ കുറവാണ്. നവംബറിൽ മികച്ച ബുക്കിംഗ് നടക്കേണ്ട സമയമാണെങ്കിലും അതിന്റെയൊരു പ്രതിഫലനമില്ല. ഹൗസ്ബോട്ട് മേഖലയെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ഹോട്ടൽ, റസ്റ്റോറന്റ്, ഹോംസ്റ്റേ എന്നിവയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.

നിലവിൽ 10 മുതൽ 15 ശതമാനം വരെ ബോട്ടുകൾ മാത്രമേ സർവ്വീസ് നടത്തുന്നുള്ളൂ. നിരക്ക് ഗണ്യമായി കുറച്ചാണ് പല ബോട്ടുകളും ഓടുന്നത്. കഴിഞ്ഞ വർഷം ദീപാവലി സീസൺ കഴിഞ്ഞിട്ടും ബുക്കിംഗിന്റെ പ്രളയമായിരുന്നു. എന്നാൽ ഇത്തവണ ദീപാവലിക്ക് ഉത്തരേന്ത്യയിൽ നിന്ന് സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി.

ഹൗസ്ബോട്ട് മേഖലയിൽ മാർച്ചിൽ തുടങ്ങിയ കഷ്ടകാലമാണ് തുടരുന്നത്. നിപ്പ, ഹൗസ്ബോട്ട് സമരം, പ്രളയം... ഒന്നിനു പിന്നാലെ ഒന്നായി ഓരോന്ന് എത്തുകയായിരുന്നു. അടുത്ത മാസത്തോടെയെങ്കിലും രക്ഷപ്പെടാനാവുമെന്ന പ്രതീക്ഷയിലാണ് ഹൗസ്ബോട്ട് മേഖല.

...................................

''പ്രളയം കഴിഞ്ഞ് ഡി.ടി.പി.സിക്ക് ബുക്കിംഗ് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. അധികം വൈകാതെ മേഖല ഉണർവിലേക്കെത്തും. പ്രളയത്തിന്റെ മാന്ദ്യം പതിയെ ആണെങ്കിലും വിട്ടകലുന്നുണ്ട്''

(എം.മാലിൻ, ഡി.ടി.പി.സി സെക്രട്ടറി)

...................................

'' ഹൗസ്ബോട്ട് മേഖല ശോചനീയാവസ്ഥയിലാണ്. ടൂറിസം പ്രൊമോഷൻ കൗൺസിൽ എല്ലാ പ്രൊമോഷനും നൽകുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ക്രിയാത്മകമായി ഒന്നും ചെയ്യുന്നില്ല. അനുബന്ധ മേഖയെല്ലാം പ്രതിസന്ധിയിലാണ്. ടൂറിസ്റ്റുകൾ എത്തുന്നുണ്ടെങ്കിലും നഗരം കണ്ട് തിരിച്ചു പോകുകയാണ്. ശിക്കാര വള്ളങ്ങൾക്ക് ഒാട്ടം ലഭിക്കുന്നുണ്ട്. എന്നാൽ ഹൗസ്ബോട്ട് മേഖല നിരാശയിലാണ് ''

(വിജയൻ, ആൾ കേരള ഹൗസ്ബോട്ട് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്)