കുട്ടനാട്: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ മദ്യ വിപത്തിനെതിരെ നടക്കുന്നത് ആദ്ധ്യാത്മിക തല പോരാട്ടം.' മദ്യത്തെ നീ ആട്ടിയകറ്റുക, നിന്റെ രക്ഷയ്ക്ക് അമ്മയുണ്ട്." ഇതാണ് സർവൈശ്വര്യ പ്രദായിനിയായ ചക്കുളത്തമ്മ.മലയാള മാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ് മദ്യവിമുക്തിക്കുള്ള അവസരമായി വിനിയോഗിക്കുന്നത് . ദേവിയെ അന്ന് പുറത്തെ ആനക്കൊട്ടിലിൽ എഴുന്നള്ളിച്ചിരുത്തും. തുടർന്ന് ക്ഷേമ ഐശ്വര്യങ്ങൾക്കായി ഭക്തർ അമ്മയോട് പ്രാർത്ഥിക്കും. മദ്യപാനത്തിന് അടിമപ്പെടുന്നവർ ഈ അവസരത്തിൽ ദേവിയുടെ തിരുവായുധം തൊട്ടു പ്രതിജ്ഞയെടുക്കും. ഇത്തരത്തിൽ മദ്യപാനത്തോട് വിടപറഞ്ഞവർ ധാരാളം. മദ്യപാനം മൂലം ശാന്തിയും സമാധാനവും നശിച്ച ധാരാളം കുടുംബങ്ങൾക്കും ആളുകൾക്കും ചക്കുളത്തുകാവ് മോചനത്തിന്റെ തിരുനടയാണ്. നിരവധി പേർക്ക് ഈ ക്ഷേത്രസങ്കേതം പുതുജീവിതം നൽകി.

ചക്കുളത്തുകാവിലെ യക്ഷിഅമ്പലം

കുട്ടനാട് :ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ യക്ഷി കഥകൾ ഏറെ പ്രസിദ്ധം. ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്ത് പനയും ആൽമരവും ഉണ്ടായിരുന്നു. കൂരിരുൾ തളം കെട്ടിയ ഘോരവനത്തിലെ പനയിൽ ഭീകരരൂപിയായ യക്ഷി വസിച്ചിരുന്നു. യക്ഷിയുടെ അട്ടഹാസം കാടിനെ പോലും നടുക്കി. അങ്ങകലെ പാർത്തിരുന്ന ജനങ്ങൾ യക്ഷിയെ ഭയന്നു.ആറ്റിൽ കുളിക്കാനെത്തുന്നവരുടെയും, വഴിയാത്രക്കാരുടെയും ചോര കുടിക്കുന്ന യക്ഷിയുടെ ഈ ക്രൂര വിനോദം കൊണ്ട് ജനം പൊറുതി മുട്ടി. തപശക്തിയിലെ ആത്മവിശ്വാസവും യക്ഷിയെ തളയ്ക്കാൻ പല യോഗികളുമെത്തി. ആ മഹാമാന്ത്രികരൊക്കെ യക്ഷിക്കു മുന്നിൽ മുട്ടുകുത്തി. ഇവർ യക്ഷിയുടെ ഭക്ഷണമായി തീർന്നു.ഒരിക്കൽ പരമഭക്തയായ പട്ടമന ഇല്ലത്തെ അന്തർജ്ജനത്തെ ഉപദ്രവിക്കാൻ മുതിർന്ന യക്ഷിയെ ബന്ധിച്ച് ദേവി, യക്ഷിക്ക് തന്റെ ക്ഷേത്രത്തിന്റെ കന്നി മൂലയിൽ ഇരിക്കാൻ അനുവാദം കൊടുത്തു. തന്നെ കാണാനെത്തുന്ന ഭക്തരെ സമുചിതമായി രക്ഷിക്കാനും അവർക്ക് ആശ്വാസം ചൊരിയണമെന്നും അമ്മ യക്ഷിയോട് അരുൾ ചെയ്തു.ഇരുളിൽ നിന്ന് വെളിച്ചത്തിലേക്കുള്ള മാറ്റത്തിന്റെ കഥയോതി ചക്കുളത്തുകാവ് ദേവി ക്ഷേത്രത്തിൽ ഇന്നും യക്ഷിഅമ്മയെ കാണാം. ശ്രീകോവിലിന്റെ തെക്കുപടിഞ്ഞാറേ മൂലയ്ക്ക് യക്ഷിഅമ്പലം സ്ഥിതി ചെയ്യുന്നു.