കുട്ടനാട്: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ 23ന് നടക്കുന്ന പൊങ്കാല മഹോത്സവത്തിന് നിലവറ ദീപം തെളിഞ്ഞു. ചക്കുളത്തുകാവ് ക്ഷേത്ര മൂലസ്ഥാനമായ പട്ടമന ഇല്ലത്തെ മൂല കുടുംബക്ഷേത്ര നടയിൽ നിന്നു ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി തെളിച്ച ദീപം വാദ്യമേളങ്ങളുടെയും, വായ്ക്കുരവകളുടെയും അകമ്പടിയോടെ ക്ഷേത്ര ഗോപുര നടയിൽ പ്രത്യേകം തയ്യാറാക്കിയ വിളക്കിലേക്ക് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി പകർന്നു. ക്ഷേത്ര അഡ്മിനിസ്ട്രേറ്റർ അഡ്വ. കെ.കെ. ഗോപാലകൃഷ്ണൻ നായർ, രമേശ് ഇളമൺ നമ്പൂതിരി, ഹരിക്കുട്ടൻ നമ്പൂതിരി, ജയസൂര്യ നമ്പൂതിരി, പി.ആർ.ഒ സുരേഷ് കാവുംഭാഗം, അഡ്വ. അഭിലാഷ് ചന്ദ്ര, അജിത്കുമാർ പിഷാരത്ത് തുടങ്ങിയവർ പങ്കെടുത്തു.
അഭീഷ്ടസിദ്ധിക്കും മംഗല്യഭാഗ്യത്തിനും ഐശ്വര്യ പ്രാപ്തിക്കുമായി ചക്കുളത്തുകാവിൽ പൊങ്കാല സമർപ്പിക്കാനുള്ള വ്രതാരംഭത്തിന് നാന്ദി കുറിക്കുന്ന ചടങ്ങാണിത്. ഇതോടെ നാടും നഗരവും പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി.
പൊങ്കാല ദിവസം പുലർച്ചെ നാലിന് ഗണപതിഹോമവും നിർമ്മാല്യദർശനവും, 8.30ന് വിളിച്ചുചൊല്ലി പ്രാർത്ഥന, 9ന് ക്ഷേത്രകാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ആദ്ധ്യാത്മിക സംഗമം മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. പൊങ്കാലയുടെ ഉദ്ഘാടന കർമ്മവും അന്നദാനമണ്ഡപ സമർപ്പണവും ശ്രീ ഗോകുലം ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഗോകുലം ഗോപാലൻ നിർവഹിക്കും. തുടർന്ന് മണിക്കുട്ടൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ദേവിയെ ക്ഷേത്ര ശ്രീകോവിലിൽ നിന്ന് എഴുന്നള്ളിച്ച് പണ്ടാര പൊങ്കാല അടുപ്പിന് സമീപം എത്തുമ്പോൾ പൊങ്കാലയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് പണ്ടാര അടുപ്പിലേക്ക് രാധാകൃഷ്ണൻ നമ്പൂതിരി അഗ്നി പകരും.
11ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻനമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ അഞ്ഞൂറിലധികം വേദ പണ്ഡിതൻമാർ ദേവിയെ 41 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തർ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും.
വൈകിട്ട് അഞ്ചിന് സാംസ്കാരിക സമ്മേളനം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയായിരിക്കും. യു.എൻ വിദഗ്ദ്ധ സമിതി ചെയർമാൻ ഡോ. സി.വി. ആനന്ദബോസ് കാർത്തിക സ്തംഭത്തിൽ അഗ്നി പകരും.