ജോലി തുടങ്ങിയ കാലം മുതൽ അവഗണന
ആലപ്പുഴ: വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും സൗകര്യമില്ലാതെ വലയുകയാണ് ആലപ്പുഴ ബീച്ചിലെ ലൈഫ് ഗാർഡുമാർ. ബീച്ചിൽ അപകടത്തിൽപ്പെടുന്ന സഞ്ചാരികളുടെ ജീവൻ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷപ്പെടുത്തുന്ന ഈ യുവാക്കൾക്ക് ജോലി തുടങ്ങിയ കാലം മുതൽ അവഗണന മാത്രമേയുള്ളൂ മിച്ചം.
ബീച്ചിലെ 10 ലൈഫ് ഗാർഡുമാർക്ക് അനുവദിച്ചിരിക്കുന്നത് ഡി.ടി.പി.സി വക കെട്ടിടത്തിലെ രണ്ട് ചെറിയ മുറികളാണ്. ഒരുമുറിയിൽ സുരക്ഷാ ഉപകരണങ്ങൾ വച്ചിരിക്കുന്നു. സുരക്ഷയ്ക്ക് അനുവദിച്ചിരിക്കുന്ന മറ്റ് ഉപകരണങ്ങൾ വയ്ക്കാൻ സൗകര്യമില്ലാത്തതിനാൽ ബീച്ചിലേക്ക് എത്തിച്ചിട്ടില്ല. ഒരു ചെറിയ മുറിയാണ് ജീവനക്കാർക്ക് വിശ്രമിക്കാൻ നൽകിയിരിക്കുന്നത്. ഇവിടെ വൈദ്യുതി പോലുമില്ല. മുൻപ് ബീച്ചിന്റെ വടക്കുഭാഗത്തെ ഒാപ്പൺ സ്റ്റേജിനു സമീപമുള്ള മുറിക്കുള്ളിലാണ് സുരക്ഷാ ഉപകരണങ്ങൾ വയ്ക്കാനും വിശ്രമിക്കാനും സൗകര്യം നൽകിയിരുന്നത്. സ്റ്റേജിൽ പരിപാടികൾ സംഘടിപ്പിക്കുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നതിനാലാണ് ഇവിടെ നിന്ന് തെക്കു ഭാഗത്ത് ഡി.ടി.പി.സി കെട്ടിടത്തിലെ മുറിയിലേക്ക് ലൈഫ് ഗാർഡുമാരെ മാറ്റിയത്. മഴയും കാറ്റുമുള്ളപ്പോൾ ഇവർക്കൊന്ന് ഒതുങ്ങി നിൽക്കാൻ പോലും സ്ഥലമില്ലാതാകുന്നു. പൊതു അവധി ദിവസങ്ങളിൽ നൂറുകണക്കിന് ആളുകളാണ് ബീച്ചിലെത്തുന്നത്.
ആവശ്യത്തിന് ലൈഫ് ഗാർഡുമാരെ നിയമിക്കണമെന്ന ആവശ്യത്തിനും അർഹമായ പരിഗണനയില്ല. രണ്ടുകിലോമീറ്ററോളം ദൈർഘ്യമുള്ള ബീച്ചിൽ കുറഞ്ഞത് 15 പേരെങ്കിലും ആവശ്യമാണ്. ഈ സ്ഥാനത്താണ് രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ രണ്ടു ഷിഫ്റ്റുകളിലായി 10 പേർ ജോലി ചെയ്യുന്നത്. എഴുത്ത് പരീക്ഷ, ശാരീരികക്ഷമത പരിശോധന, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഇവർക്ക് സർക്കാര്‍ നേരിട്ടാണ് പരിശീലനം നല്‍കുന്നത്. വർഷങ്ങളായി ജോലിചെയ്യുന്നവരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യത്തിനും വ്യക്തമായ മറുപടിയില്ല.
# സുരക്ഷാ ജീവനക്കാരുടെ ആവശ്യങ്ങൾ
ആളെണ്ണം വർദ്ധിപ്പിക്കണം
രക്ഷാപ്രവർത്തനത്തിന് ചെറിയ മോട്ടോർ ബോട്ട്
ടോയ് ലെറ്റ് സൗകര്യം
തിരക്കുള്ള സമയങ്ങളിൽ പൊലീസ് സാന്നിദ്ധ്യം
ഗാർഡുമാരെ സ്ഥിരപ്പെടുത്തണം.
......................................................
''ബീച്ചിൽ ഒാപ്പൺ സ്റ്റേജിന് സമീപം ലൈഫ് ഗാർഡുമാർക്ക് വിശ്രമിക്കാനും സുരക്ഷാ ഉപകരണങ്ങൾ വെയ്ക്കാനും പ്രത്യേക സജ്ജീകരണം ഒരുക്കുന്നുണ്ട്. തുറമുറവകുപ്പിന്‌റെ സ്ഥലമായതിനാൽ അവരുടെ അനുമതി വാങ്ങിയിട്ടുമുണ്ട്. എസ്റ്റിമേറ്റ് തയ്യാറാക്കാനും നിർദ്ദശം നൽകി. ലഭിച്ചുകഴിഞ്ഞാൽ ഉടൻ തന്നെ പണം അനുവദിച്ച് നിർമ്മാണം ആരംഭിക്കും''
(സി.ജി. അഭിലാഷ്, ടൂറിസം ഡെപ്യുട്ടി ഡയറക്ടർ)
.