kanchav
ചേർത്തലയിൽ 10 കിലോ കഞ്ചാവുമായി പിടികൂടിയ പ്രതികൾ ഉദ്യോഗസ്ഥരോടൊപ്പം

ചേർത്തല: നഗരത്തിൽ റെയിൽവേ സ്റ്റേഷനു സമീപത്തുനിന്ന് അന്തർസംസ്ഥാന ബന്ധമുള്ള മൂന്നംഗ സംഘത്തിൽ നിന്ന് 10 കിലോ കഞ്ചാവ് പിടികൂടി. ഗുരുവായൂർ എടക്കളത്തൂർ മേലാട്ട് ശരത് (24), തൃശൂർ കൊട്ടാരപ്പള്ളിയിൽ ഗോകുൽ (25), പതിയാർകുളങ്ങര മുല്ലശേരി പാലയ്ക്കൽ രഞ്ജിത്ത് (25) എന്നിവരെയാണ് നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എ. നസീമിന്റെ നേതൃത്വത്തിൽ ജില്ലാ നർകോട്ടിക് സ്‌പെഷ്യൽ ആക്‌ഷൻ ഫോഴ്‌സിന്റെയും ചേർത്തല സി.ഐ പി. ശ്രീകുമാറിന്റെയും നേതൃത്വത്തിൽ അറസ്​റ്റ് ചെയ്തത്. റെയിൽവേ സ്​റ്റേഷൻ കേന്ദ്രീകരിച്ച് കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ദിവസങ്ങളായി സ്‌​റ്റേഷൻ പരിസരം നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നലെ വൈകിട്ട് 3.30ന് സ്റ്റേഷന് സമീപം മൂന്നംഗ സംഘത്തെ കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇവരെ പിടികൂടി ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. ആന്ധ്രയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ശേഖരിക്കുന്ന കഞ്ചാവ് ചെറുപൊതികളാക്കി ആലപ്പുഴ, ചേർത്തല, കായംകുളംഎന്നിവിടങ്ങളിലെ ഇടനിലക്കാർക്ക് കൈമാറുന്നതിനാണ് കൊണ്ടുവന്നതെന്നും പിടിച്ചെടുത്ത കഞ്ചാവിന് 12 ലക്ഷം രൂപ വില വരുമെന്നും പൊലീസ് പറഞ്ഞു. അഞ്ച് ഗ്രാമിന്റെ പൊതി 600 രൂപയ്ക്കാണ് വി​റ്റിരുന്നത്. പുതിയ ബാഗുകളിലാക്കി ട്രെയിനിലും ലക്ഷ്വറി ബസുകളിലുമാണ് കഞ്ചാവ് എത്തിച്ചിരുന്നതെന്ന് ഡിവൈ.എസ്.പി എ.ജി. ലാൽ,എസ്‌.ഐ ജി. അജിത്ത്കുമാർ എന്നിവർ പറഞ്ഞു. പിടിയിലായവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. കേരളത്തിലും ആന്ധ്രയിലും ഇവർ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ചേർത്തല സ്റ്റേഷനിലെ സുനിൽകുമാർ, ബസന്ത്, സാബു, ഗോപൻ, അബിൻ, രജീഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.