thushar-vellappalli
തുഷാർ വെള്ളാപ്പള്ളി

ആലപ്പുഴ: വ്രതം നോറ്റ് ശബരിമലയ്ക്ക് പോകാനെത്തിയ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത് അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പ്രസ്താവനയിൽ പറഞ്ഞു. പൊലീസ് നടപടി ആചാരലംഘനവും വിശ്വാസികൾക്ക് മേലുള്ള കടന്നുകയറ്റവുമാണ്. വിശ്വാസികൾക്കും ഇരുമുടിക്കെട്ടിനും സർക്കാർ ഒരു പവിത്രതയും കല്പിക്കുന്നില്ല എന്നതിന്റെ ദൃഷ്ടാന്തമാണ് അറസ്റ്റ്. ആചാരങ്ങൾ പാലിച്ച് ശബരിമലയിൽ എത്തുന്നവരെ ജയിലിൽ അടയ്ക്കുന്നതിന് നീതീകരണമില്ല. ഇത് വിശ്വാസികളോടുള്ള യുദ്ധ പ്രഖ്യാപനമാണ്. രാജ്യത്തെ ഭരണഘടന വിഭാവനം ചെയ്യുന്ന ആരാധനാ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണിത്. ജനാധിപത്യ രാജ്യത്ത് കേട്ടുകേൾവി പോലും ഇല്ലാത്ത തരത്തിലുള്ള മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്. സർക്കാരിന്റെ നിയമ വ്യവസ്ഥകൾ എല്ലാം പാലിച്ച് മല കയറിയ ഭക്തനെയാണ് കരുതൽ തടങ്കൽ എന്ന് ആദ്യം പറഞ്ഞ് അറസ്റ്റ് ചെയ്തതും പിന്നീട് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ജയിലിൽ അടച്ചതും. സ്വേച്ഛാധിപത്യ ഭരണത്തിന്റെ കിരാത നാളുകളിലൂടെയാണ് വിശ്വാസികൾ കടന്നു പോകുന്നത്. ഇരുമുടിക്കെട്ടുമായി ശബരിമലയ്ക്ക് പോകുന്നവർക്ക് ജയിലും ആക്ടിവിസ്റ്റുകൾക്ക് പൊലീസ് എസ്കോർട്ടും നൽകുന്നത് അപഹാസ്യമാണ്. ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പൂർണ പരാജയമാണ്. ശക്തമായ ബഹുജന പ്രക്ഷോഭം ഒരുക്കും. വിശ്വാസികളെ അറസ്റ്റ് ചെയ്ത് ജയിലിൽ നിറച്ചു കൊണ്ട് സർക്കാരിന്റെ അജൻഡ നടപ്പാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.