tv-r

തുറവൂർ: ഭരണഘടനയെ വെല്ലുവിളിച്ച് രാജ്യത്ത് ജാതി സംവരണം അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നതായി മന്ത്രി തോമസ് ഐസക് പറഞ്ഞു . കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുമ്പോൾ സംവരണം അപ്രസക്തമാകുമെന്ന കാര്യം ഗൗരവത്തോടെ കാണണം. ശബരിമലയുടെ പേരുപറഞ്ഞ് ഒരു വിഭാഗം നാട്ടിൽ അരാജകത്വം സൃഷ്ടിക്കുകയാണെന്നും അദേഹം പറഞ്ഞു. പഴയ ജാതി കോമരങ്ങൾ രാഷ്ട്രീയ വേഷം പൂണ്ട് നിറഞ്ഞാടുകയാണെന്നും അയ്യൻകാളിയെ പോലുള്ള മഹാന്മാർ മുന്നോട്ടുവച്ച നവോത്ഥാന മൂല്യങ്ങളെ അവർ വെല്ലുവിളിക്കുകയാണെന്നും മുഖ്യ പ്രഭാഷണം നടത്തിയ മന്ത്രി പി.തിലോത്തമൻ പറഞ്ഞു. കെ.പി.എം.എസ്.സംസ്ഥാന പ്രസിഡന്റ് മുണ്ടുകോട്ടയ്ക്കൽ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എ.എം.ആരിഫ് എം.എൽ.എ., കെ.പി.എം.എസ്.ജനറൽ സെക്രട്ടറി പി.എം.വിനോദ്, കെ.കെ.പുരുഷോത്തമൻ, ടി.കെ.പുരുഷൻ, കെ.ശശികുമാർ, കെ.ടി.സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.