 വിപണിയിൽ നാടൻ താറാവുകൾക്ക് ക്ഷാമം

ആലപ്പുഴ: പ്രളയകാലത്ത് 'തടവറ'യിൽ നിന്ന് സ്വതന്ത്രരായ താറാവുകൾക്ക് പകരക്കാരെ കിട്ടാതെ വന്നതോടെ കുട്ടനാട്ടിലെ താറാവ് കർഷകർ ക്രിസ്മസ് വിപണിയിൽ നക്ഷത്രമെണ്ണേണ്ടി വരും! വിരലിലെണ്ണാവുന്ന കച്ചവടക്കാരുടെ പക്കൽ മാത്രമേ നിലവിൽ നാടൻ താറാവുകൾ ശേഷിക്കുന്നുള്ളൂ. ബാക്കിയുള്ളവർ തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നുള്ള ഇറക്കുമതി താറാവുകളെയാണ് ആശ്രയിക്കുന്നത്.

'കുട്ടനാടൻ താറാവി'ന്റെ ബ്രാൻഡ് അംബാസഡർമാരായ നൂറുകണക്കിന് കർഷകരാണ് സീസൺ സമയമായപ്പോൾ വിൽക്കാൻ താറാവില്ലാതെ വലയുന്നത്. കുട്ടനാട്ടിൽ മാത്രം ആയിരക്കണക്കിന് താറാവുകളെ പ്രളയത്തിൽ കാണാതായി. പള്ളിപ്പാട്, തകഴി, ചെന്നിത്തലർ ഹാച്ചറികളിലും പ്രളയം വലിയ കെടുതികൾ ഉണ്ടാക്കി. ഇതാണ് കർഷകരെ വലിയതോതിൽ ബാധിച്ചത്.

പ്രളയം കഴിഞ്ഞിട്ട് മാസം മൂന്നായെങ്കിലും താറാവ് കർഷകർക്ക് ലഭിക്കേണ്ട ധനസഹായം കിട്ടിയിട്ടില്ല. ക്രിസ്മസ് അടുക്കുന്നതോടെ കച്ചവടത്തിലൂടെ നഷ്ടം നികത്താനാവുമെന്ന പ്രതീക്ഷയിലായിരുന്നു പലരും. പക്ഷേ, അതും അസ്ഥാനത്താവുന്ന സാഹചര്യമാണ് ഉരുത്തിരിയുന്നത്. വിപണിയിൽ ഇപ്പോഴും താറാവിന് നല്ല ഡിമാന്റുണ്ട്. നാടൻ താറാവുകൾക്കാണ് ആവശ്യക്കാരേറെയും.

പള്ളിപ്പാട്, ചെന്നിത്തല എന്നിവിടങ്ങളിലെ സ്വകാര്യ ഹാച്ചറികളിൽ ചാര, ചെമ്പല്ലി ഇനങ്ങളിലുള്ള താറാവ് കുഞ്ഞുങ്ങളെ വിരിയിക്കുന്നുണ്ടെങ്കിലും ക്രിസ്മസ് വിപണിയിൽ ഇവയെ എത്തിക്കാൻ കഴിയുമോയെന്ന് ഉറപ്പില്ല. പ്രളയത്തിനു മുൻപ് ആലപ്പുഴ- ചങ്ങനാശേരി റോഡിൽ മാത്രം അമ്പതോളം താറാവ് കച്ചവടക്കാരാണ് വില്പന നടത്തിയിരുന്നത്. താറാവുകളുടെ ക്ഷാമം കാരണം വിരലിൽ എണ്ണാവുന്ന കച്ചവടക്കാർ മാത്രമേ നിലവിൽ വില്പന നടത്തുന്നുള്ളൂ. വില്പന കേന്ദ്രങ്ങളിൽ താറാവിന്റെ തോലുരിച്ചോ കരിച്ചോ ഇറച്ചി തയ്യാറാക്കി നൽകിയിരുന്നത് സ്ത്രീകളായിരുന്നു. അവരുടെ വരുമാന മാർഗം കൂടിയാണ് അടഞ്ഞത്. ഈസ്റ്ററോടെയെങ്കിലും വിപണി തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

 ഇക്കുറി ഇതര സംസ്ഥാനക്കാർ

തമിഴ്നാട് താറാവിനങ്ങളായ റാണി, കുഴിത്തറ തുടങ്ങിയവയാണ് നിലവിൽ വിപണിയിലുള്ളത്. 250 രൂപയ്ക്കാണ് ഇവ വിറ്റുപോകുന്നത്. പ്രതിസന്ധി തുടർന്നാൽ ക്രിസ്മസ് ആകുമ്പോഴേക്കും താറാവൊന്നിന് 350 രൂപയ്ക്ക് മുകളിലാവും. നാടൻ താറാവ് മുട്ട 12-15 രൂപയ്ക്കാണ് വിൽക്കുന്നത്. ജില്ലയിലെ പല ഹാച്ചറികളിലും വിരിയിക്കാനുള്ള മുട്ടയില്ലാത്തതിനാൽ ഇതരസംസ്ഥാന മുട്ടകളെയാണ് ആശ്രയിക്കുന്നത്.

..............................................

''പക്ഷിപ്പനിയും ബാക്ടീരിയ ബാധയും ഉൾപ്പെടെയുള്ള ആഘാതങ്ങളിലൂടെ നേരത്തേതന്നെ ലക്ഷങ്ങളുടെ നഷ്ടമാണ് താറാവ് കർഷർക്കുണ്ടായത്. നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ല. ആ കേസ് ആലപ്പുഴ കോടതിയിൽ നടക്കുകയാണ്. പ്രളയത്തിൽ നഷ്ടപ്പെട്ട താറാവുകളുടെ കണക്കെടുത്തെങ്കിലും ഇതുവരെ ഒരു ധനസഹായവും ലഭിച്ചിട്ടില്ല. നാടൻ താറാവിന്റെ ലഭ്യത ജില്ലയിൽ വളരെ കുറവാണ്. താറാവിനെ എടുത്താൽ 30-40 ദിവസത്തിനകം പണം നൽകിയാൽ മതിയായിരുന്നു. ഇപ്പോൾ അത് നടക്കില്ല'

(അശോക് കുമാർ, താറാവ് കർഷകൻ, കഞ്ഞിക്കുഴി