ആലപ്പുഴ: കാലഹരണപ്പെട്ട മരുന്നുകളും സംസ്ഥാനത്ത് വിറ്റഴിക്കുന്നു. മരുന്നുകൾക്കും ഗുളികകൾക്കും മേൽ പതിച്ചിട്ടുള്ള കാലാവധി തീയതി തിരുത്തി പുതിയ സീൽ പതിച്ചാണ് വില്പന. വിറ്റഴിയാതെ പോകുന്ന മരുന്നുകൾ പുതിയതെന്ന രീതിയിൽ വീണ്ടും മെഡിക്കൽ സ്റ്റോറുകളിലെത്തിച്ചാണ് ഈ മരുന്നുകൊള്ള. കാലഹരണപ്പെട്ട മരുന്നുകൾ സംസ്കരിക്കണമെന്നാണ് നിബന്ധന. സംസ്കരണത്തിനെന്നും പറഞ്ഞ് മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ഉത്പാദന കമ്പനികൾ തിരിച്ചെടുക്കുന്ന മരുന്നുകൾ കാലാവധി തീയതി മാറ്റി വീണ്ടും മെഡിക്കൽ സ്റ്റോറുകളിലെത്തുന്നത് ആരും അറിയുന്നില്ല. 1.15 ലക്ഷം കോടി രൂപയുടെ മരുന്നാണ് ഓരോ വർഷവും കേരളത്തിൽ മാത്രം വിറ്റഴിക്കുന്നത്. നാല് ലക്ഷത്തോളം മരുന്നുകളാണ് വ്യത്യസ്ത കമ്പനികൾ വിൽക്കുന്നത്. ഇതിൽ 12,000ത്തോളം മരുന്നുകൾ മാത്രമേ ഗുണപരിശോധനയ്ക്ക് വിധേയമാക്കുന്നുള്ളൂ.
പരിശോധന പേരിന് മാത്രം
ഗുണനിലവാരമില്ലാത്തതും കാലഹരണപ്പെട്ടതുമായ മരുന്നുകൾ സംസ്കരിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് ഡ്രഗ്സ് കൺട്രോൾ വിഭാഗമാണ്. പരിശോധന നിർജീവമായതാണ് മരുന്നുകൊള്ളക്കാർക്ക് അനുഗ്രഹമായത്. എെ.എം.എയുടെ പാലക്കാട്ടുള്ള ഒരു സംസ്കരണ യൂണിറ്റാണ് കാലഹരണപ്പെട്ട മരുന്നുകൾ സംസ്കരിക്കുന്നതിന് സംസ്ഥാനത്ത് ആകെ പ്രവർത്തിക്കുന്നത്. രണ്ടാമതൊന്ന് തിരുവനന്തപുരം ജില്ലയിൽ സ്ഥാപിക്കാനുള്ള ശ്രമം നടന്നെങ്കിലും എതിർപ്പുകൾ മൂലം നടന്നില്ല. പഴയതിനെ പുതിയതാക്കി മാറ്റുന്ന ജാലവിദ്യ ഡൽഹിയിൽ വ്യാപകമായപ്പോൾ സംഗതി കോടതി കയറി. ഡൽഹി ഹൈക്കോടതി ഡ്രഗ്സ് കൺട്രോൾ ജനറലിനോട് വിശദീകരണം തേടിയിരിക്കുകയാണ്.
500ലധികം കേസുകൾ
സംസ്ഥാനത്ത് ആശുപത്രികളിലെ ഫാർമസിയടക്കം 20,000 മെഡിക്കൽ ഷോപ്പുകളാണുള്ളത്. ഇതിൽ കാലഹരണപ്പെട്ട മരുന്നുകൾ കണ്ടെത്തിയ രണ്ടായിരത്തോളം ഷോപ്പുകൾ ജില്ലാതല അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർമാർ സസ്പെൻഡ് ചെയ്തു. അഞ്ഞൂറിലധികം ഉടമകൾക്കെതിരെ കേസെടുത്തു.
"കാലാവധി തീരുന്നതിന് രണ്ട് മാസം മുമ്പ് തന്നെ മരുന്ന് ഉപയോഗത്തിൽ നിന്ന് മാറ്റണം. ഉപയോഗപ്രദമായ വിഷമാണ് മരുന്ന്. അത് കാലാവധി കഴിഞ്ഞാൽ തീർത്തും വിഷമായി മാറും. അത് വിൽക്കുകയോ, ഉപയോഗിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്.
ഡോ. കെ.ജി. രവികുമാർ
ക്ളിനിക്കൽ ഫാർമസി വിഭാഗം മുൻമേധാവി
മെഡിക്കൽ കോളേജ്, തിരുവനന്തപുരം.