പ്രളയാനന്തര റോഡ് നിർമ്മാണത്തിന് ആയിരം കോടി എ.സി. റോഡിലെ നിർമ്മാണം മന്ത്രി വലിയിരുത്തി
ആലപ്പുഴ: പ്രളയത്തിൽ തകർന്ന റോഡുകളുടെയും പാലങ്ങളുടെയും പുനർനിർമ്മാണത്തിന് അടിയന്തരമായി ആയിരം കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി ജി .സുധാകരൻ പറഞ്ഞു. പത്തര കോടി രൂപ മുടക്കി പുനർനിർമ്മിക്കുന്ന എ.സി. റോഡിലെ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു മന്ത്രി. റോഡിന്റെ ഉപരിതലം ടാറിങ് നടത്തുന്ന ജോലികളാണ് നിലവിൽ നടന്നുവരുന്നത്. ഇതുകൂടാതെ വെള്ളം കയറുന്ന 7 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അവിടെ മെറ്റൽ ഉപയോഗിച്ച് ഉയർത്തിയതിനുശേഷമായിരിക്കും ഉപരിതല ടാറിംഗ് നടത്തുക.. പത്തര കോടി രൂപയുടെ ജോലികൾ ജനുവരിയിൽ പൂർത്തിയാകും. 150 കോടി രൂപ മുടക്കി അന്താരാഷ്ട്ര നിലവാരത്തിൽ എ.സി.റോഡിനെ മാറ്റാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. റോഡിന് താഴെക്കൂടി വെള്ളം ഒഴുകി പോകുന്ന തരത്തിലും ചെളിയിൽ റോഡ് താഴാത്തവിധത്തിലുമുള്ള നിർമ്മാണ രീതിയായിരിക്കും അവലംബിക്കുക. റോഡ് നിർമ്മാണത്തിന് പുതിയ സാങ്കേതികവിദ്യകൾ ചർച്ചചെയ്യുന്നതിന് ജനുവരിയിൽ പൊതുമരാമത്ത് വകുപ്പ് ശില്പശാല സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന റോഡുകളാണ് ഇവിടെ ആവശ്യം. ആലപ്പുഴയിൽ എസ്.എൻ.കവല മുതൽ കഞ്ഞിപ്പാടം വരെ 3.6 കിലോമീറ്റർ റോഡ് 14 കോടി രൂപയ്ക്ക് നിർമ്മാണം ആരംഭിച്ചിട്ടുണ്ട്.കഞ്ഞിപ്പാടം- വൈശ്യംഭാഗം പാലം, ചമ്പക്കുളം -കനാൽ ജെട്ടി പാലം, മുണ്ടയ്ക്കൽ പാലം എന്നിവ നിർമ്മിക്കാൻ ദ്രുതഗതിയിൽ നടപടികളാവുകയാണ്. 2019 ഏപ്രിലിന് മുമ്പ് ഇവ പൂർത്തിയാക്കും. റെയിൽവേയുടെ ഭാഗത്തുനിന്നുള്ള തടസ്സങ്ങൾ നീങ്ങിയാൽ ആലപ്പുഴ ബൈപാസ് നാലുമാസത്തിനകം തുറക്കുമെന്ന് മന്ത്രി പറഞ്ഞു . എ.സി. റോഡിലെ നിർമ്മാണത്തിൽ മുഖ്യമന്ത്രി പ്രത്യേകശ്രദ്ധ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടനാട്ടിലെ എല്ലാ റോഡുകളും നിർമ്മിക്കും. ഇപ്പോൾ തന്നെ ഏഴ് എണ്ണത്തിന് പണം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.