tv-r
malinyam

തുറവൂർ: ചേർത്തല ഒറ്റപ്പുന്ന മുതൽ അരൂർ ബൈപ്പാസ് വരെയുള്ള നാലുവരി ദേശീയ പാതയുടെ ഇരുവശങ്ങളും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി. മാതൃകാ സുരക്ഷാ ഇടനാഴിയുടെ പരിധിയിൽപ്പെടുന്ന റോഡിനാണ് ഈ ദുർഗതിയെന്ന് ഓർക്കണം!

മൂക്കു പൊത്താതെ നടക്കാനാവില്ല എന്നതാണ് അവസ്ഥ. വാഹന യാത്രികരും ദുർഗന്ധം അടുത്തറിയുന്നു. ഇറച്ചിക്കടകളിലെ മാലിന്യങ്ങളും അടുക്കള മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ചാക്കുകളിലാക്കി ഇരുട്ടിന്റെ മറവിലാണ് റോഡരികിൽ തള്ളുന്നത്. പാതയോരം കാടു നിറഞ്ഞു കിടക്കുന്നത് മാലിന്യ നിക്ഷേപകർക്ക് അനുഗ്രഹവുമായി മാറിയിരിക്കുകയാണ്. നിർമ്മൽ പുരസ്കാരം നേടിയ പഞ്ചായത്തുകളുടെ പരിധിയിലും പൊലീസ് സ്റ്റേഷനുകൾക്ക് വിളിപ്പാടകലെയുമാണ് മാലിന്യ നിക്ഷേപം വർദ്ധിച്ചതെന്ന വിരോധാഭാസവുമുണ്ട്.

അരൂർ എരമല്ലൂർ, ചന്തിരൂർ, കുത്തിയതോട്, ആമേടത്തുകാവ്, എൻ.സി.സി കവല, തുറവൂർ, പുത്തൻചന്ത, പട്ടണക്കാട്, വയലാർ എന്നിവിടങ്ങളാണ് പാതയോര മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ. അരൂർ പെട്രോൾ പമ്പിന് സമീപം മാലിന്യ നിക്ഷേപം വർദ്ധിച്ചതിനെ തുടർന്ന് പഞ്ചായത്ത് ഇടപ്പെട്ട് അവ നീക്കം ചെയ്തെങ്കിലും ദിവസങ്ങൾക്കുള്ളിൽ വീണ്ടും മാലിന്യ കൂമ്പാരമായി. സ്വകാര്യ കാറുകളിലും മറ്റുമെത്തി മാലിന്യം വലിച്ചെറിഞ്ഞ ശേഷം വേഗത്തിൽ കടന്നുകളയുന്നതും പതിവാണ്. പൊലീസ് പട്രോളിംഗ് ശക്തമാക്കുകയും കുറ്റിക്കാടുകൾ വെട്ടിത്തെളിച്ചശേഷം സി.സി.ടി.വി കാമറകൾ സ്ഥാപിക്കുകയും ചെയ്താൽ മാലിന്യ നിക്ഷേപം ഒരു പരിധിവരെ തടയാനാവുമെന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നു.

.....................................................

''പാതയോരത്തെ മാലിന്യ നിക്ഷേപം തടയാൻ ബോധവത്കരണമാണ് പ്രധാനം. മാലിന്യം റോഡിൽ തള്ളുന്നത് തടയാൻ പൊലീസ് പട്രോളിംഗ് ശക്തമാക്കും. പഞ്ചായത്തുുകളുടേയും പൊതുജനങ്ങളുടെയും സഹകരണവും ആവശ്യമാണ്''

(എം.ദിലീപ് ഖാൻ, ഇൻസ്പെക്ടർ ഒഫ് പൊലീസ്, കുത്തിയതോട്)