tv-r

തുറവൂർ: മാതൃകാ സുരക്ഷാ ദേശീയപാതയിൽ മീഡിയനിലേക്ക് ചാഞ്ഞു നിൽക്കുന്ന തെങ്ങ് അപകട ഭീഷണി സൃഷ്ടിക്കാൻ തുടങ്ങിയിട്ട് അഞ്ചു ദിനം പിന്നിട്ടിട്ടും അധികൃതർക്ക് കുലുക്കമില്ല. കുത്തിയതോട് ആമേടത്ത്കാവ് ക്ഷേത്രത്തിന് സമീപം പാതയോരത്ത് കിഴക്ക് വശത്തായിട്ടാണ് തെങ്ങ് ഏത് സമയത്തും റോഡിലേക്കു വീഴാവുന്ന നിലയിൽ നിൽക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച വീശിയടിച്ച കാറ്റിലാണ് സ്വകാര്യ പുരയിടത്തിൽ നിന്ന തെങ്ങ് റോഡിന് കുറുകേ ചാഞ്ഞത്. വശം ചേർന്നു വരുന്ന വാഹനങ്ങൾ പലപ്പോഴും ഡ്രൈവർമാരുടെ ജാഗ്രത മൂലമാണ് രക്ഷപ്പെടുന്നത്. കുത്തിയതോട് പാലം ഇറങ്ങി തെക്കോട്ട് വേഗത്തിലാണ് വാഹനങ്ങൾ ഭൂരിഭാഗവും ഇതുവഴി കടന്നു പോകുന്നത്. ഈ ഭാഗത്ത് വെളിച്ചക്കുറവുള്ളതിനാൽ രാത്രികാലങ്ങളിൽ വലിയ ബുദ്ധിമുട്ടാണ് ഡ്രൈവർമാർക്കുണ്ടാവുന്നത്.

കുത്തിയതോട് പൊലീസ് സ്റ്റേഷന് 100 മീറ്റർ അകലെയാണ് റോഡിലേക്ക് തെങ്ങ് ചാഞ്ഞുനിൽക്കുന്നത്. ദേശീയപാത അധികൃതരും ഇതൊന്നും കാണുന്നില്ല. ഒരു ദുരന്തമുണ്ടായാൽ മാത്രം പ്രതികരിക്കാമെന്നാണ് അധികൃതരുടെ നിലപാടെന്ന് സംശയിക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.