തോടുകളുടെ പുനർജനിക്ക് നടപടികളില്ല
ഹരിപ്പാട്: ഒരുകാലത്ത് ജലയാനങ്ങൾ സജീവമായിരുന്ന തോടുകൾ പലതും ഒഴുക്കുനിലച്ച്, പുൽപ്പടർപ്പുകൾ വളർന്ന് ചരിത്രത്തിലേക്കു മറയാനൊരുങ്ങുന്നു. അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ വലിയ പാരിസ്ഥിതിക ആഘാതത്തിനാവും കളമൊരുങ്ങുന്നത്.
മാന്നാറില്‍ നിന്നു വീയപുരത്തേക്കൊഴുകുന്ന പമ്പയാറിന്‍റെ ഇരുകരകളില്‍ നിന്നായി ഉള്‍പ്രദേശങ്ങളിലേക്കുള്ള തോടുകളാണ് മാലിന്യ കൂമ്പാരമായി മാറിയിരിക്കുന്നത്. കരഗതാഗതം സജീവമല്ലാതിരുന്ന കാലത്ത് വള്ളങ്ങളും ചെറുബോട്ടുകളും ഇടതടവില്ലാതെ സഞ്ചരിച്ചിരുന്ന തോടുകളാണിവ. ഇപ്പോൾ ഈ തോടുകളുടെ ഭൂരിഭാഗം പ്രദേശങ്ങളും വ്യക്തികള്‍ കയ്യേറിയിരിക്കുകയാണ്. അവശേഷിക്കുന്ന ഭാഗങ്ങൾ മാലിന്യങ്ങള്‍ കുന്നുകൂടിയ നിലയിലുമാണ്.
വീയപുരം മങ്കോട്ട, മുണ്ടാര്‍തോട്, ഇരതോട്, പള്ളിക്കടവ്, തേവേരി കൊമ്പങ്കേരി, നിരണം വെസ്റ്റ്, തേവര്‍ക്കുഴി, വള്ളക്കാലി, പാവുക്കര എന്നീ തോടുകളിലാണ് നീരൊഴുക്ക് തടസപ്പെട്ടത്. അടുത്തകാലം വരെ കുളിക്കാനും കുടിക്കാനും വസ്ത്രങ്ങള്‍ കഴുകാനും നാട്ടുകാര്‍ ഉപയോഗിച്ചിരുന്ന തോടുകളായിരുന്നു ഇവ. എന്നാല്‍ മലിനജലം ഒഴുക്കിവിട്ടും മാലിന്യം തള്ളിയും തോടിനെ അക്ഷരാർത്ഥത്തിൽ ഉപയോഗശൂന്യമാക്കുകയായിരുന്നു. തോട് മലിനമായതോടെ ഇരുകരകളിലും താമസിക്കുന്നവര്‍ ദുരിതത്തിലായി. മാലിന്യം നിറഞ്ഞതോടെ ഈ പ്രദേശത്ത് കൊതുകുശല്യവും രൂക്ഷമായിട്ടുണ്ട്.
ചൊറിച്ചിലുണ്ടാക്കുന്ന വെള്ളം
വസ്ത്രം കഴുകാൻ പോലും തോട്ടിലെ വെള്ളം ഉപയോഗിക്കാനാവാത്ത സ്ഥിതിയാണുള്ളത്. ഈ വെള്ളത്തിൽ കഴുകുന്ന വസ്ത്രം ധരിച്ചാൽ ചൊറിച്ചിൽ ഉൾപ്പടെയുള്ള അസ്വസ്ഥതകൾ അനുഭവപ്പെടും. തോട്ടിലെ ജലം ഊറിയെത്തുന്ന സമീപത്തെ കിണറുകളും മലിനമായിക്കൊണ്ടിരിക്കുകയാണ്. ചിലര്‍ വീടുകളില്‍ നിന്നുള്ള മാലിന്യവും തോട്ടിലേക്കാണ് തള്ളുന്നത്. തോടുകൾ നവീകരിച്ച് ശാശ്വതപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ത്രിതല പഞ്ചായത്തംഗങ്ങള്‍, എം.എല്‍.എ, എം.പി എന്നിവര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയെങ്കിലും പ്രയോജനം ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.