കുട്ടനാട് : ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയുടെ വീടിനു തീ പിടിച്ചു.കാവാലം പഞ്ചായത്ത് മൂന്നാം വാർഡ് ചിറ്റേഴത്ത് സരസമ്മയുടെ (70) വീടിനാണ് തീ പിടിച്ചത്.വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.കർഷകയായ ഇവർ രാത്രി ഭക്ഷണത്തിന് ശേഷം കിടക്കാനൊരുങ്ങുന്നതിനിടെയാണ് തൊട്ടടുത്ത മുറിയിൽ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. സംഭവമറിഞ്ഞ് അയൽക്കാരെത്തിയപ്പോഴേക്കും അടുത്ത മുറിയിലേക്കും തീ പടർന്നിരുന്നു. എങ്കിലും അയൽവാസികളുടെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് വൻദുരന്തം ഒഴിവായി. വസ്തുവിന്റെ ആധാരവും കൃഷി ആവശ്യത്തിനായി ബാങ്കിൽ നിന്നെടുത്ത വായ്പ തുകയും നിരവധി വീട്ടുപകരണങ്ങളും കത്തിനശിച്ചു. രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു