1
ബസ് ചാർജ് പതിനൊന്ന് രൂപയാണന്ന് ബോർഡ് ബസിന് മുന്നിൽ

കായംകുളം: പമ്പ ബസ് നിരക്ക് വർദ്ധിപ്പിച്ചതിന് പിന്നാലെ കായംകുളം - ഓച്ചിറ സ്പെഷ്യൽ ബസുകളിലും കെ.എസ്.ആർ.ടി. സിയുടെ കൊള്ളയടി. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വൃക്ചികോത്സവം പ്രമാണിച്ചാണ് മൂന്ന് രൂപ വർദ്ധിപ്പിച്ചത്. ഭക്തരെ കൊള്ളയടിയ്ക്കുന്നതിനെതിരെ വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

നിലവിൽ ഓർഡിനറി ബസുകൾക്ക് കായംകുളത്ത് നിന്ന് ഓച്ചിറയ്ക്ക് എട്ട് രൂപയാണ്. ഇത് പതിനൊന്നു രൂപയായാണ് വർദ്ധിപ്പിച്ചത്. വൃച്ഛികം ഒന്നുമുതൽ പന്ത്രണ്ട് വരെ നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ദിവസവും ഓച്ചിറയിലേക്ക് എത്തുന്നത് . ഈ അവസരം മുതലെടുത്ത് അന്യായമായി ചാർജ് വർദ്ധിപ്പിച്ച് ഭക്തരെ കൊള്ളയടിയ്ക്കുകയാണ്.

നിരക്ക് പതിനൊന്ന് രൂപയാണെന്ന് ബോർഡ് ബസിന് മുന്നിൽ സ്ഥാപിച്ചാണ് സർവീസ് നടത്തുന്നത്. രാപകൽ നിരവധി സർവീസുകൾ നടത്തുന്നുണ്ട് . സ്വകാര്യ ബസുകൾ ചാർജ് വർദ്ധനവില്ലാതെ പഴയ നിരക്കിൽ തന്നെ സർവീസ് നടത്തുമ്പോഴാണ് കെ.എസ്.ആർ.ടി.സിയുടെ കൊള്ളയടി.