1
സ്കൂൾ വരാന്തയിൽ പട്ടി പെറ്റ് കിടക്കുന്നു

 കായംകുളം ഗവ. എൽ.പി സ്കൂൾ തകർച്ചയുടെ വക്കിൽ

കായംകുളം: ചോർന്നൊലിച്ച് തകർന്നു വീഴാറായ കെട്ടിടങ്ങൾ... ചുറ്റുമതിൽ ഇല്ലാത്തതിനാൽ തെരുവ് നായ്ക്കൾ കയ്യേറിയ പറമ്പും വരാന്തകളും... കുട്ടികൾക്ക് ഇരിക്കാൻ ഒടിഞ്ഞ കസേരകൾ... 128 വർഷം പിന്നിടുന്ന കായംകുളം ഗവ. എൽ.പി സ്കൂളിന്റെ ഇന്നത്തെ അവസ്ഥയാണിത്. സർക്കാർ വിദ്യാലയമായതുകൊണ്ട് ഇങ്ങനെയൊക്കെയങ്ങ് പോയാൽ മതിയെന്നാണ് കായംകുളം നഗരസഭയുടെ നിലപാട്.

എൽ.കെ.ജി മുതൽ നാലാം ക്ളാസ് വരെയുള്ള കുഞ്ഞുങ്ങളെ രക്ഷാകർത്താക്കൾ ജീവൻ പണയം വച്ചാണ് ഈ സ്കൂളിലേക്ക് അയയ്ക്കുന്നത്. വിദ്യാലയ മുത്തശ്ശിയെന്ന പ്രൗഢി പഴമക്കാരുടെ കഥകളിൽ മാത്രമാണ് നിലവിൽ അവശേഷിക്കുന്നത്. സ്കൂളിന്റെ സംരക്ഷണ ചുമതല കായംകുളം നഗരസഭയ്ക്കാണ്. എന്നാൽ ഇങ്ങനൊരു ഉത്തരവാദിത്വം നഗരസഭ അധികൃതർ വഹിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ആറു മാസം മുൻപ് രണ്ട് ശുചിമുറികളുടെ പണി പൂർത്തിയാക്കിയിരുന്നു. എന്നാൽ പണം കിട്ടിയില്ലെന്ന പേരിൽ കരാറുകാരൻ ഈ മുറികളുടെ താക്കോൽ ഇതുവരെ കൈമാറിയിട്ടില്ല. വാങ്ങിയെടുക്കാൻ നഗരസഭ അധികൃതർ ശ്രമിക്കുന്നുമില്ല. ഇത്തവണ ഒന്നാം ക്ളാസിൽ എത്തിയത് 35 വിദ്യാർത്ഥികളാണ്. 30 പേർ എൽ.കെ.ജി, യു.കെ.ജി ക്ളാസുകളിലും പഠിക്കുന്നു. നാലാം ക്ളാസ് വരെ ആകെ 153 വിദ്യാർത്ഥികളാണുള്ളത്. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളും അനവധിയുണ്ട്.

 ചരിത്രമുള്ള സ്കൂൾ

തിരുവിതാംകൂർ മഹാരാജാവ് ഉത്രാടം തിരുനാളിന്റെ കാലത്ത് അനുവദിച്ച പത്ത് വിദ്യാലയങ്ങളിൽ ഒന്നാണ് കായംകുളം ഗവ.എൽ.പി സ്കൂൾ. കാർട്ടൂണിസ്റ്റ് ശങ്കർ, കേരളത്തിലെ പ്രമുഖ ധനകാര്യ മന്ത്രിമാരായ തച്ചടി പ്രഭാകരൻ, എം.കെ ഹേമചന്ദ്രൻ, അംബാസഡറായിരുന്ന ടി.പി. ശ്രീനിവാസൻ, സാഹിത്യകാരൻമാരായ എം.കെ. സാനു, എസ്. ഗുപ്തൻ നായർ, വിപ്ളവകാരിയും സാഹിത്യകാരനുമായ പുതുപ്പള്ളി രാഘവൻ തുടങ്ങി ഒട്ടേറെ പ്രമുഖർക്ക് വിദ്യ പകർന്നു നൽകിയ സരസ്വതീ ക്ഷേത്രമാണിത്.

 വീഴാം, ഏതു നിമിഷവും


തകർന്നു വീഴാൻ പാകത്തിൽ നിൽക്കുന്ന ഓടിട്ട മൂന്ന് കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. എല്ലാ ക്ളാസ് മുറികളും ചോർന്നൊലിയ്ക്കുന്നവ. ഇത്തവണയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. മൂന്ന് വർഷത്തിന് മുൻപാണ് പേരിനെങ്കിലും ഒരു അറ്റകുറ്റപ്പണി നടന്നത്. അതും 125 -ാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി.

ക്ളാസ് മുറിയ്ക്ക് വെളിയിലിറങ്ങുന്ന കുട്ടികൾ ഏതു നിമിഷവും തെരുവ് നായ്ക്കളുടെ ആക്രമണത്തിന് വിധേയമാകാം. ഗ്രൗണ്ടിലെ നാല് മൂലകളിലും പട്ടി പെറ്റുകിടക്കുന്നതിനാൽ അവയ്ക്ക് അക്രമ സ്വഭാവം കൂടുതലാണ്. പല തവണ കായംകുളം നഗരസഭയിൽ പരാതി പറഞ്ഞെങ്കിലും അവർ തിരിഞ്ഞു നോക്കിയിട്ടില്ല. ചുറ്റുമതിൽ നിർമ്മിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല.