s

ആലപ്പുഴ: കടപ്പുറത്ത് അദ്ധ്യാപകനെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികളെ സൗത്ത് പൊലീസ് പിടികൂടി. റെയിൽവേ സ്റ്റേഷൻ വാർഡിൽ പണിക്കശേരി വീട്ടിൽ അജയ് (24), കുന്നേൽ വീട്ടിൽ ജസ്റ്റിൻ (21), ബീച്ച് വാർഡിൽ പുലിക്കൽ വീട്ടിൽ ആന്റണി (19), ആലിശേരി വാർഡിൽ എസ്.എൻ. സദനത്തിൽ നന്ദു (22) എന്നിവരാണ് പിടിയിലായത്. ഒരാൾ ഒളിവിലാണ്. എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലും ഇവർ പ്രതികളാണെന്ന് ഡിവൈ.എസ്.പി പി.വി ബേബി പറഞ്ഞു.

ബീച്ചിലെ ഹോമിയോ ആശുപത്രിക്കടുത്ത് കാറ്റാടി കാടിന് സമീപം 13ന് രാത്രി ഒൻപതിനാണ് സംഭവം. പഴ്സ് കാണാതെ പോയി എന്ന വ്യാജേന അദ്ധ്യാപകനെ പ്രതികൾ സമീപിച്ചു. തുടർന്ന് മർദ്ദിക്കുകയും കണ്ണിൽ മണ്ണ് വാരിയിട്ട് മാല, മോതിരം,പണം എന്നിവ തട്ടിയെടുക്കുകയുമായിരുന്നു .അദ്ധ്യാപകന്റെ പരാതിയെത്തുടർന്ന് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇന്നലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ പണയം വച്ച മാല പൊലീസ് കണ്ടെടുത്തു. മോതിരം ഒളിവിലുള്ള പ്രതിയുടെ കൈവശമാണെന്ന് പിടികൂടിയവർ മൊഴി നല്കി. ലഹരി ആവശ്യങ്ങൾക്ക് പണം കണ്ടെത്തുന്നതിനാണ് ആക്രമണം നടത്തിയതായി പ്രതികൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

സൗത്ത് ഇൻസ്‌പെക്ടർ കെ.എം. രാജേഷ്, എസ്.ഐ എം.കെ. രാജേഷ് , എസ്.പി.സി.ഒ മോഹൻകുമാർ, സി.പി.ഒമാരായ അരുൺ, സിദ്ദിഖ്, പ്രവീഷ് ,റോബിൻസൺ, വിജോഷ്, സമീഷ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.