അമ്പലപ്പുഴ: ആലപ്പുഴ മെഡി. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ, കൈയിൽ കുത്തിയിരുന്ന സൂചി ഊരി രക്തം വാർന്നൊഴുകി അവശനിലയിലായ ഭിന്നശേഷിക്കാരൻ സഫ്വാൻ (32) മരണത്തിനു കീഴടങ്ങി.
വടുതല സഫ്വാൻ മൻസിലിൽ പരേതനായ അസീസിന്റെയും റഷീദയുടെയും വളർത്തു മകനായിരുന്ന സഫ്വാനെ കഴിഞ്ഞ ആഴ്ചയാണ് മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സൂചി ഊരി കിടക്കയിൽ രക്തം വാർന്നൊഴുകി സഫ്വാൻ കിടക്കുന്നത് ഭിന്നശേഷിക്കാരുടെ രക്ഷാകർത്തൃ സംഘടനയായ പരിവാർ ആലപ്പുഴയുടെ പ്രസിഡന്റ് കെ.മുജീബ് യാദൃശ്ചികമായി കാണുകയും ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് സഫ്വാനെ വെന്റിലേറ്ററിലേക്കു മാറ്റിയെങ്കിലും ഇന്നലെ ഉച്ചയോടെ മരിച്ചു.
ഒൻപതു വയസു വരെ പൂർണ ആരോഗ്യവാനായിരുന്നു സഫ്വാൻ. പക്ഷേ, തലച്ചോറിനുണ്ടായ രോഗം നൂറു ശതമാനം വൈകല്യമുള്ള ഭിന്നശേഷിക്കാരനാക്കി മാറ്റി. പത്തു വർഷം മുൻപ് വളർത്തച്ഛൻ അസീസ് മരണമടഞ്ഞെങ്കിലും വീൽ ചെയറിൽ കഴിയുന്ന സഫ്വാനെ റഷീദയാണ് പരിചരിച്ചിരുന്നത്.