ആലപ്പുഴ: ഓർഡർ അനുസരിച്ച് വാറ്റ് ചാരായം വില്പന നടത്തി വന്ന ഗൃഹനാഥൻ എക്സൈസിന്റെ പരിശോധനയിൽ കുടുങ്ങി. മണ്ണഞ്ചേരി പഞ്ചായത്ത് 23 -ാം വാർഡിൽ കരോട്ട് വെളി വീട്ടിൽ ഉദയകുമാർ (52 ) ആണ് പിടിയിലായത്. അഞ്ച് ലിറ്റർ ചാരായവും
60 ലിറ്റർ കോടയും വാറ്റുപകരണങ്ങളും ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്
എക്സൈസ് ഷാഡോ സംഘം പരിശോധന നടത്തിയത്.
ഒരു ലിറ്റർ ചാരായം 500 രൂപ നിരക്കിലാണ് ഇയാൾ വിറ്റിരുന്നത്. 10 ലിറ്റർ, 20 ലിറ്റർ എന്നീ അളവുകളിലാണ് വില്പന നടത്തിയിരുന്നത്.
പ്രത്യേക രുചിക്കായി കുരുമുളക് ഇല, ഇഞ്ചപ്പുല്ല്, കറുവപ്പട്ട, അവിൽ എന്നിവ കോടയിൽ ചേർത്താണ് ചാരായം വാറ്റിയിരുന്നത്.
കോടതിയിൽ ഹാജരാക്കിയ ഉദയകുമാറിനെറിമാൻഡ് ചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. റോബർട്ടിന്റെ
നിർദ്ദേശാനുസരണം പ്രിവന്റീവ് ഓഫീസർ എ. കുഞ്ഞുമോന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ കെ.വി. അശോകൻ, കെ.ജി. ഓംകാർനാഥ്, എസ്.ആർ. റഹിം, കെ.ബി. ബിപിൻ എന്നിവരാണ് റെയ്ഡ് നടത്തിയത്.