photo

മാവേലിക്കര: തുടർച്ചയായി നാലാം തവണയും അറബിക് പദ്യപാരായണത്തിൽ ഒന്നാംസ്ഥാനം താമരക്കുളം വി.വി.എച്ച്.എസ്.എസ് വിദ്യാർത്ഥി ഫാബി എസ്.ദിലീപിന്. 2015ലെ സംസ്ഥാന കലോത്സവത്തിലും ഫാബി സമ്മാനം നേടിയിരുന്നു. ചാരുംമൂട് പ്രേം വിഹാറിൽ ദിലീപ് ഖാൻ, ശൈലജ ദമ്പതികളുടെ മകളാണ്. ആലപ്പുഴയെ ആസ്പദമാക്കി മൊയ്തു വാണിമേൽ എഴുതിയ 'പ്രളയം' എന്ന കവിതയാണ് ഇത്തവണ ഫാബി അവതരിപ്പിച്ചത്.

 'പടവെട്ടി' ചേർത്തല ഗവ.ഗേൾസ്

മാവേലിക്കര: നാടൻ പാട്ടിൽ തുടർച്ചയായി ആറാം തവണയും സമ്മാനം ചേർത്തല ഗവ.ഗേൾസ് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക്. സംസ്ഥാന കലോത്സവത്തിന് ജില്ലയെ പ്രതിനിധീകരിക്കാൻ തയ്യാറെടുക്കുകയാണിവർ. ആൻമരിയ ജോസഫ്, ദേവിക സുരേഷ്, വൈഷ്ണവി അജിത്, ബി. അശ്വിനി, ഡി.ദേവനന്ദന, ശ്രീലക്ഷ്മി എന്നിവരായിരുന്നു ടീമംഗങ്ങൾ. 'പടവെട്ട് ' പാട്ടാണ് ഇക്കുറി അവതരിപ്പിച്ചത്.

 'വിമുക്തി'യുമായി എക്സൈസ്

മാവേലിക്കര: എക്‌സൈസ് വകുപ്പിന്റെ 'വിമുക്തി' ലഹരി മുക്ത പ്രചരണത്തിന്റെ ഭാഗമായി കലോത്സവ വേദിയിൽ ചിത്രപ്രദർശനം, ഫിലിം ഷോ എന്നിവ നടത്തി. സ്‌കൂൾ വിദ്യാർത്ഥികളും എക്സൈസ് വകുപ്പും ചേർന്ന് തയ്യാറാക്കിയ ചിത്രങ്ങൾ, ലഘുലേഖകൾ എന്നിവയാണ് പ്രദർശനത്തിലുള്ളത്. പ്രദർശനവും ഫിലിം ഷോയും സന്ദർശിക്കുന്നവർക്കായി ക്വിസ് മത്സരവുമുണ്ട്. ഓരോ മണിക്കൂർ ഇടവിട്ടുള്ള നറുക്കെടുപ്പിലെ വിജയികൾക്ക് സമ്മാനവും നൽകുന്നു. എക്സൈസ് ഇൻസ്പെക്ടർ വി.ജെ. റോയി, വിമുക്തി കോ-ഓർഡിനേറ്റർ ജി. ജയകൃഷ്ണൻ, പ്രിവന്റീവ് ഓഫീസർ സദാനന്ദൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ആര്യാ ദേവി എന്നിവരാണു പിന്നിൽ.

 പ്രദർശനം ശ്രദ്ധേയം

മാവേലിക്കര: കലോത്സവത്തിന്റെ പ്രധാന വേദിയായ മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസിലെ മീഡിയ സെന്ററിൽ ജില്ല വിദ്യാഭ്യാസ വകുപ്പും ഇൻഫർമേഷൻ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ചലച്ചിത്ര പ്രദർശനം ശ്രദ്ധേയമാകുന്നു. ചൈൽഡ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രദർശനം

ബാല്യകാലം പ്രതിപാദിക്കുന്ന ചിത്രമായ 'കേശു', നവോത്ഥാന നായകന്മാരായ ശ്രീനാരായണഗുരു, കെ.കേളപ്പൻ, സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രതിഭകളായിരുന്ന പി.എൻ. പണിക്കർ, ഒ.എൻ.വി എന്നിവരെപ്പറ്റിയുള്ള ഡോക്യൂമെന്ററികളും പ്രദർശനത്തിലുണ്ട്.