panchayath-road
ചെറ്റാരിക്കൽ മാവുള്ളതിൽ - താഴത്തേതിൽ പഞ്ചായത്ത് റോഡിന്റെ ഇന്നത്തെ അവസ്ഥ

ചാരുംമൂട്: സ്വകാര്യ പുരയിടത്തിൽ ചെങ്കൽ ഖനനത്തിനായി വെട്ടിപ്പൊളിച്ച റോഡ് പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്. റോഡ് തകർന്നതിനാൽ പുറം ലോകവുമായി ബന്ധപ്പെടാൻ കഴിയാതെ വലയുകയാണ് നൂറിലധികം കുടുംബങ്ങൾ.

താമരക്കുളം ഗ്രാമപഞ്ചായത്തിലെ വേടരപ്ലാവ് ചെറ്റാരിക്കൽ മാവുള്ളതിൽ - താഴത്തേതിൽ റോഡിന്റെ ഒരു വശം അഞ്ചടി താഴ്ത്തി വെട്ടിപ്പൊളിക്കുകയായിരുന്നു. സമീപത്തെ സ്വകാര്യ പുരയിടത്തിൽ ചെങ്കൽ ഖനനം നടത്തുന്നതിനു വേണ്ടിയായിരുന്നു ഇതെന്ന് നാട്ടുകാർ പറയുന്നു. ഒന്നര ഏക്കറിലാണ് ഖനനം നടന്നത്. റോഡ് താഴ്ത്തിയ ഭാഗത്തുകൂടിയണ് ടിപ്പർ ലോറികൾ പ്രവേശിച്ചിരുന്നത്. ഗ്രാവൽ നീക്കം ചെയ്തതോടെ റോഡിന്റെ വെട്ടിപ്പൊളിച്ച ഭാഗവും പുരയിടവും ഒരേ നിരപ്പിൽ എത്തി. മറുവശത്ത് റോഡ് ഉയർന്നു നിൽക്കുകയാണ്. അതിനാൽ ഇതുവഴി കാൽനടയാത്ര പോലും സാദ്ധ്യമല്ലാതായി. സ്വകാര്യ വാഹനങ്ങൾ വീട്ടിൽ എത്തിക്കാൻ കഴിയാത്ത സാഹചര്യവുമുണ്ട്.

റോഡ് കൈയേറി വെട്ടിപ്പൊളിച്ചതിനെതിരെ താമരക്കുളം പഞ്ചായത്ത്, വില്ലേജ് അധികാരികളുടെ പരാതിയെത്തുടർന്ന് നൂറനാട് പൊലീസ് കേസെടുത്തെങ്കിലും തുടർനടപടിയുണ്ടായില്ല. റോഡിന് കേടുപാട് വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിനിനൊരുങ്ങുകയാണ് നാട്ടുകാർ.