tv-r
കബളിപ്പിക്കപ്പെട്ട വ്യാജ നോട്ടുമായി വേലായുധൻ

അരൂർ: ബൈക്കിലെത്തി 2000 രൂപയുടെ വ്യാജ നോട്ട് നൽകി വയോധികനായ ലോട്ടറി വില്പനക്കാരനിൽ നിന്ന് ലോട്ടറികളും പോക്കറ്റിൽക്കിടന്ന പണവും യുവാവ് തട്ടിയെടുത്തു കടന്നു. അരൂർ പഞ്ചായത്ത് 13-ാം വാർഡ് കൊച്ചുപറമ്പിൽ വേലായുധനാണ് (65) തട്ടിപ്പിനിരയായത്.

ദേശീയപാതയിൽ അരൂർ പെട്രോൾ പമ്പിന് വടക്കുവശം കഴിഞ്ഞ ദിവസം രാവിലെ 11.30നായിരുന്നു സംഭവം. വ്യാജ നോട്ട് നൽകിയ യുവാവ് 800 രൂപയ്ക്ക് 24 ലോട്ടറി ടിക്കറ്റുകൾ എടുത്ത ശേഷം വേലായുധന്റെ പോക്കറ്റിൽ നിന്ന് രണ്ടായിരത്തി എണ്ണൂറ് രൂപയും പിടിച്ചുപറിച്ച് കടന്നുകളയുകയായിരുന്നു. വൈകിട്ട് ലോട്ടറി എടുക്കാനായി ഏജന്റിന്റ അടുത്തെത്തിയപ്പോഴാണ് വ്യാജ നോട്ടാണെന്ന കാര്യം മനസിലായത്.

അഞ്ച് വർഷം മുൻപ് വാഹനാപകടത്തേത്തുടർന്ന് വേലായുധന്റെ ഒരു കൈയുടെ സ്വാധീനം നഷ്ടപ്പെട്ടു. അതിനാൽ മറ്റു ജോലികൾ ചെയ്യാൻ കഴിയാത്തതിനാൽ ലോട്ടറി വിൽപന നടത്തുകയായിരുന്നു. മകൻ വാഹനാപകടത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. ഭാര്യയ്ക്ക് കാഴ്ചശക്തിയില്ലാത്തതിനാൽ ജോലി ചെയ്യാനോ പുറത്തിറങ്ങാനോ കഴിയാത്ത അവസ്ഥയാണ്. വേലായുധൻ അരൂർ പൊലീസിൽ പരാതി നൽകി.