അമ്പലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിശ്രമകേന്ദ്രം അടഞ്ഞുകിടക്കുന്നത് രോഗികളുടെ കൂട്ടിരിപ്പുകാരെ വലയ്ക്കുന്നു. ദൂരസ്ഥലങ്ങളിൽ നിന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള രോഗികൾക്കൊപ്പം വരുന്നവർ വിശ്രമിക്കാനും സാധനങ്ങൾ സൂക്ഷിക്കാനും ഇടമില്ലാതെ പരക്കം പായുകയാണ്. ഇപ്പോൾ പുറത്തെ ലോഡ്ജുകളിൽ വാടകയ്ക്ക് മുറിയെടുത്താണ് കൂട്ടിരിപ്പുകാർ വിശ്രമിക്കുന്നത്.
ആശുപത്രിയിലെത്തുന്നവർക്ക് വിശ്രമിക്കാനുള്ള സൗകര്യമില്ലെന്നുള്ള നിരന്തര പരാതിയെ തുടർന്ന് കെ.സി.വേണുഗോപാൽ എം.പിയുടെ 2011-12 ലെ പ്രാദേശിക വികസന പദ്ധതിയിൽപ്പെടുത്തിയാണ് കെട്ടിടം നിർമ്മിച്ച ത്. 2012ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ് വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തത്. ദൂരസ്ഥലങ്ങളിൽ നിന്നും ആശുപത്രിയിൽ ചികിത്സക്കായി എത്തുന്ന കിടപ്പു രോഗികളുടെ കൂട്ടിരിപ്പുകാർക്ക് വിശ്രമകേന്ദ്രം വളരെ സഹായകമായിരുന്നു..
ആശുപത്രി വികസന സമിതിക്കായിരുന്നു വിശ്രമകേന്ദ്രത്തിന്റെ നടത്തിപ്പ്. 24 മണിക്കൂർ സമയത്തേക്ക് 25 രൂപ ആയിരുന്നു ഫീസ്. പുരുഷൻമാർക്ക് മാത്രമായിരുന്നു പ്രവേശനം. ക്ലോക്ക് റൂമിൽ സാധനങ്ങൾ സൂക്ഷിക്കാനും സൗകര്യമുണ്ടായിരുന്നു. 330 സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള ഇരുനിലക്കെട്ടിടത്തിലാണ് വിശ്രമകേന്ദ്രം. 24 പേർക്ക് ഒരേസമയം വിശ്രമിക്കാനുള്ള സൗകര്യമുണ്ട് . വിശ്രമകേന്ദ്രം പ്രവർത്തിക്കാതായിട്ട് ഒരു വർഷത്തോളമായി.
ആശുപത്രി വികസന സമിതിക്ക് ഇത് ഒരു വരുമാനമാർഗവുമായിരുന്നു. അതും ഇപ്പോൾ നിലച്ചു. ആശുപത്രി നവീകരണത്തിന്റെ ഭാഗമായി ചില വകുപ്പുകളുടെ ഒ.പി വിഭാഗങ്ങൾ ഈ കെട്ടിടത്തിലേക്ക് താത്കാലികമായി മാറ്റിയതാണ് വിശ്രമകേന്ദ്രത്തിന്റെ പ്രവർത്തനം നിലക്കാൻ കാരണം.
പിന്നീട് ഒ.പികൾ പഴയ സ്ഥലങ്ങളിലേക്കു തന്നെ മാറ്റി സ്ഥാപിച്ചെങ്കിലും വിശ്രമകേന്ദ്രത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചില്ല. ശുചീകരണം പോലും നടത്താതെ കെട്ടിടം നശിച്ചു കൊണ്ടിരുന്നിട്ടും വിശ്രമകേന്ദ്രത്തിനായി തുറന്നു കൊടുക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്..ഇപ്പോൾ ആശുപത്രിക്കു പുറത്തുള്ള ലോഡ്ജുകളിൽ 200ഉം 300 ഉം രൂപ ദിവസ വാടക നൽകി താമസിക്കേണ്ട ഗതികേടിലാണ് രോഗികളുടെ കൂട്ടിരിപ്പുകാർ.
'' ഓട്ടിസം ബാധിച്ച കുട്ടികളുടെ ചികിത്സ സെന്റർ ഇവിടെ തുടങ്ങാനാണ് തീരുമാനം
-ഡോ. നോനാം ചെല്ലപ്പൻ, ആർ.എം.ഒ