അമ്പലപ്പുഴ : റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ഇരുപ്പ് സമരവുമായി പഞ്ചായത്തംഗം. പറവൂർ ബീച്ച് റോഡാണ് അറ്റകുറ്റപ്പണി നടത്താതെ തകർന്ന് ഗതാഗതയോഗ്യമല്ലാതായത്. റോഡിലെ കുഴികളിൽ വെള്ളക്കെട്ടായതോടെ യാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്. നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരമില്ലാതിരുന്നതിനെ തുടർന്നാണ് പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് 13ാം വാർഡംഗം വി.എം.ജോൺകുട്ടി പ്ളക്കാർഡ് നാട്ടി റോഡിനു നടുവിൽ ഇരുന്ന് ഉപവാസ സമരം നടത്തിയത്.
ഇദ്ദേഹത്തിന് പിന്തുണയുമായി വ്യാപാരികളും നാട്ടുകാരും എത്തി. ഐ.എം.എസ് ധ്യാനഭവൻ, സെന്റ് ജോസഫ്സ് ഹൈസ്കൂൾ, പബ്ളിക് മാർക്കറ്റ്, എന്നിവയുടെ മുന്നിലുള്ളതാണ് ജനത്തിരക്കേറിയ പറവൂർ ബീച്ച് റോഡ്.
സാഗര സഹകരണ ആശുപത്രിയിലേക്കും, എൻജിനിയറിംഗ് കോളേജിലേക്കും പോകേണ്ടതും ഈ റോഡിലൂടെയാണ്. കൂടാതെ പറവൂർ കടപ്പുറത്തു നിന്നും മത്സ്യവുമായി നിരവധി വാഹനങ്ങളാണ് ദേശീയപാതയിലേക്ക് ഈ റോഡിലൂടെ എത്തുന്നത്. റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ സഹകരണത്തോടെ ശക്തമായ സമരങ്ങൾ നടത്തുമെന്ന് ജോൺകുട്ടി പറഞ്ഞു.