കായംകുളം: വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ടൂസിസ്റ്റ് ബസ് അർദ്ധരാത്രി താഴ്ചയിലേക്ക് മറിഞ്ഞ് പന്ത്രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ബസിനടിയിൽ വിദ്യാർത്ഥികൾ.അകപ്പെട്ടിട്ടുണ്ടെന്ന സംശയം രക്ഷാപ്രവർത്തകരെയും പൊലീസിനെയും ഒരു മണിക്കൂർ ആശങ്കയുടെ മുൾമുനയിലാക്കി.
എറണാകുളത്ത് വണ്ടർലായിൽ പോയി മടങ്ങുകയായിരുന്ന തിരുവനന്തപുരം സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിലെ പ്ളസ് വൺ, പ്ളസ് ടു വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച രാത്രി 2.30ന് ദേശീയപാതയിൽ ഓച്ചിറയ്ക്ക് സമീപം അജന്താ ജംഗ്ഷനിലായിരുന്നു അപകടം. ബസിൽ അദ്ധ്യാപകർ ഉൾപ്പെടെ അൻപത് പേരാണ് ഉണ്ടായിരുന്നത്.
റോഡിൽ വെളിച്ച കുറവും വളവുമുള്ള ഭാഗത്തായിരുന്നു അപകടം .അമിത വേഗത്തിലെത്തിയ ബസ് റോഡിൽ നിന്ന് താഴ്ചയിലേക്ക് തലകുത്തനെ മറിയുകയായിരുന്നു. ഇതോടെ ബസിനുള്ളിൽ നിന്ന് കൂട്ട നിലവിളി ഉയർന്നു. ഓച്ചിറ വൃശ്ചികോത്സവ സ്ഥലത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കായംകുളം ട്രാഫിക് എസ്.ഐ എൻ.രാജേന്ദ്രന്റെ നേതൃത്വത്തിൽ പൊലീസും നാട്ടുകാരും എത്തി ബസിന്റെ ചില്ല് തകർത്താണ് വിദ്യാർത്ഥികളെ പുറത്തെത്തിച്ചത്.
ഇതിനിടെയാണ് ബസിന്റെ അടിയിൽ കുട്ടികൾ അകപ്പെട്ടതായി സംശയം ഉയർന്നത്. ഉടൻ ക്രയിൻ എത്തിച്ചു ബസ് ഉയർത്തി പരിശോധന നടത്തി. ഇതോടെ കുട്ടികൾ സുരക്ഷിതരാണെന്ന് വ്യക്തമായി. നിസാര പരിക്കേറ്റ വിദ്യാർത്ഥികളെ കായംകുളം സർക്കാർ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നല്കിയശേഷം മറ്റ് വാഹനങ്ങളിൽ തിരുവനന്തപുരത്ത് എത്തിച്ചു. അഞ്ച് ബസുകളിലായാണ് സംഘം വിനോദയാത്രയ്ക്ക് പുറപ്പെട്ടത്.ദേശീയ പാതയിൽ രണ്ട് മണിക്കൂർ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പുലർച്ചെ അഞ്ചിന് ബസ് ഉയർത്തി റോഡിലെത്തച്ചു. പരാതി ഇല്ലാത്തതിനാൽ കേസെടുത്തില്ലെന്ന് പൊലീസ് പറഞ്ഞു.